ന്യൂഡല്‍ഹി: മാധ്യമം, വിനോദം, പൊതു അവബോധം എന്നീ മേഖലകളില്‍ വാര്‍ത്താവിതരണ മന്ത്രാലയവും ആമസോണ്‍ ഇന്ത്യയും കരാറായി. ഇതു സംബന്ധിച്ച പ്രഖ്യാപനം മന്ത്രി അനുരാഗ് താക്കൂര്‍ പ്രഖ്യാപിച്ചു. മന്ത്രാലയത്തിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്നതാണ് കരാര്‍. ആമസോണിന്റെ വിവിധ വിഭാഗങ്ങളിലൂടെ ഇന്ത്യന്‍ സംസ്‌കാരത്തനിമ പ്രചരിപ്പിക്കുക എന്നതാണ് കരാറിലൂടെ ഉദ്ദേശിക്കുന്നത്. പബ്ലിക്കേഷന്‍ ഡിവിഷന്റെ പുസ്തകങ്ങള്‍ ആമസോണ്‍ ഇ-കൊമേഴ്സ് വെബ്സൈറ്റിലൂടെയും ഇന്ത്യന്‍ സംഗീതം ആമസോണ്‍ മ്യൂസിക്, അലക്സ എന്നിവയിലൂടെയും പ്രചരിപ്പിക്കും. ഇന്ത്യയില്‍ നിന്നുള്ള അവാര്‍ഡ് നേടിയ ചിത്രങ്ങള്‍ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ വിതരണം ചെയ്യും. പ്രസാര്‍ ഭാരതി, എന്‍.എഫ്.ഡി.സി. എന്നിവയുടെ ആര്‍ക്കൈവ്സിലുള്ള ചിത്രങ്ങളും ഇങ്ങനെ പ്രദര്‍ശിപ്പിക്കും. നൈപുണ്യ വികസനത്തിന്റെ ഭാഗമായി ആമസോണ്‍ പ്രൈം വീഡിയോ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുകയും ഇന്റേണ്‍ഷിപ്പ് പദ്ധതികള്‍ ഏര്‍പെടുത്തുകയും ചെയ്യും. ഇതിന്റെ ഭാഗമായി വര്‍ക്ക്ഷോപ്പുകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവ സംഘടിപ്പിക്കും.
ചടങ്ങില്‍ വരുണ്‍ ധവാന്‍ മുഖ്യാതിഥിയായിരുന്നു. മന്ത്രാലയം സെക്രട്ടറി അപൂര്‍വ ചന്ദ്ര, ആമസോണ്‍ പ്രൈം വീഡിയോ ഏഷ്യാ പസഫിക് വൈസ് പ്രസിഡന്റ് ഗൗരവ് ഗാന്ധി, ആമസോണ്‍ ഇന്ത്യാ പബ്ലിക് പോളിസി വൈസ് പ്രസിഡന്റ് ചേതന്‍ കൃഷ്ണസ്വാമി, ഐ ആന്‍ഡ് ബി ജോയിന്റ് സെക്രട്ടറി വിക്രം സഹായ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.