ധര്‍മോ രക്ഷതി രക്ഷതയില്‍ വിശ്വസിക്കുന്ന അനില്‍ ആ്ന്റണി

ന്യൂഡൽഹി: ഏറെക്കുറെ പ്രതീക്ഷിച്ച വാര്‍ത്ത തന്നെയായിരുന്നു അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനം. ഗുജറാത്ത് കലാപത്തില്‍ ന്യൂനപക്ഷവേട്ടയ്ക്ക് നേതൃത്വം നല്‍കിയത് നരേന്ദ്ര മോദിയാണെന്ന് ആരോപിക്കുന്ന ബിബിസി ഡോക്യുമെന്ററി പുറത്ത് വന്നപ്പോഴാണ് അനില്‍ ആ്ന്റണിയുടെ രാഷ്ട്രീയം ചര്‍ച്ചാ വിഷയമാവുന്നത്. തിരഞ്ഞെടുത്തിരിക്കുന്നത് കാവി പാര്‍ട്ടിയുടെ പാതയാണെന്ന സൂചന നല്‍കുന്ന പ്രവര്‍ത്തികള്‍ തുടര്‍ന്നും അദ്ദേഹം തരികയുണ്ടായി. ബിബിസി ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തെ ദുര്‍ബലമാക്കുന്നതാണെന്ന് പറഞ്ഞ് കോണ്‍ഗ്രസിലെ സ്ഥാനങ്ങള്‍ രാജി വച്ചതാണ് അതിലൊന്ന്. എന്തായാലും കേരളത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കാറാനള്ള പാത വെട്ടിതുറന്ന വ്യക്തിയെന്ന ഖ്യാതി അനില്‍ ആന്റണിയ്ക്ക് തന്നെ സ്വന്തം. ലോകസഭാ തെരഞ്ഞെടുപ്പിനോട് അടുപ്പിച്ച് കോണ്‍ഗ്രസ്സിലെ പ്രമുഖരായ ചിലര്‍ ബി ജെ പിയിലെത്തുമെന്ന അഭ്യൂഹങ്ങളഉം ശക്തമാണ്.കേരളത്തില്‍ നേതൃത്വവുമായി ഉടക്കി നില്‍ക്കുന്ന പല നേതാക്കളും അനിലിന്റെ വഴി തേടുമോ എന്ന ആശങ്ക പാര്‍ട്ടി നേതൃത്വത്തെ പിടികൂടിയിട്ടുണ്ട്. ആന്റണിയുടെ മകനെ ബി ജെ പിയില്‍ എത്തിക്കാനായതു വലിയ നേട്ടമായി പാര്‍ട്ടി കാണുന്നു. ആന്റണിയുടെ മകന്‍ എന്ന നിലയിലും ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള നേതാവ് എന്ന നിലയിലും വലിയ പരിഗണന നല്‍കാനാണ് ബി ജെ പി ആലോചന.

അനില്‍ പറയുന്നത്

വീട്ടില്‍നിന്ന് പഠിച്ച ‘രാഷ്ട്രീയം’ തന്നെ സ്വാധീനിച്ചെന്ന അനിലിന്റെ വാക്കുകള്‍ ഏറെ പ്രാധാന്യമുള്ളതാണ്. ബിജെപിയില്‍നിന്ന് കോണ്‍ഗ്രസിലേക്കുള്ള ദൂരം പൂജ്യമെന്നാണ് അതിന്റെ ഉള്ളടക്കം. ബിജെപിയില്‍ ചേരാനുള്ള തീരുമാനം ഏറെ ചിന്തിച്ചെടുത്തതാണെന്നാണ് അനില്‍ പറയുന്നത്. ബി ജെ പിയില്‍ തന്റെ ചുമതല പാര്‍ട്ടി കേന്ദ്ര,സംസ്ഥാന നേതൃത്വങ്ങള്‍ തീരുമാനിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിനെതിരേ അതിശക്തമായ ഭാഷയില്‍ പ്രതികരിച്ച ശേഷമാണ് അനില്‍ ബിജെപിയിലെത്തുന്നത്. കോണ്‍ഗ്രസ് സംസ്‌കാരമില്ലാത്ത പാര്‍ട്ടിയെന്നാണ് അനിലിന്റെ വിശേഷണം. രാഹുല്‍ വിഡ്ഢിയാണ്, 2024ല്‍ അവരെ ചവറ്റുകുട്ടിയിലിടണം എന്ന് ആഹ്വാനം. ബിജെപിയില്‍ എത്തിയ ശേഷം അദ്ദേഹത്തിന്റെ പ്രസ്താവന ഇങ്ങനെയായിരുന്നു-

‘ധര്‍മോ രക്ഷതി രക്ഷതഃ. ഇതാണ് എന്റെ വിശ്വാസം. എന്നാല്‍ ഇന്ന് കോണ്‍ഗ്രസിലെ നേതാക്കളില്‍ പലരും വിശ്വസിക്കുന്നത് ഒരു കുടുംബത്തിനുവേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് അവരുടെ ധര്‍മമെന്നാണ്. എനിക്ക് തോന്നുന്നത് എന്റെ ധര്‍മം ഈ രാഷ്ട്രത്തിനുവേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ്. രാജ്യത്തെ അടുത്ത 25 വര്‍ഷത്തിനകം വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള വ്യക്തമായ കാഴ്ചപ്പാട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കുണ്ട്. രാജ്യത്ത് എല്ലാ പൗരന്മാര്‍ക്കും സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം ഉറപ്പാക്കാനുള്ള കാഴ്ചപ്പാടും അദ്ദേഹത്തിനുണ്ട്. ഈ കാഴ്ചപ്പാടും ജനസൗഹൃദപദ്ധതികളും രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തിക്കാന്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും പ്രധാനമന്ത്രിയും അമിത് ഷായും ജെ.പി.നഡ്ഡയും വിശ്രമമില്ലാതെ അധ്വാനിക്കുകയാണ്.

രാഷ്ട്രനിര്‍മാണത്തിനും ദേശീയോദ്ഗ്രഥനത്തിനുമുള്ള പ്രധാനമന്ത്രിയുടെ ദര്‍ശനം സാക്ഷാത്കരിക്കാന്‍ പ്രവര്‍ത്തിക്കേണ്ടത് യുവജനതയുടെ പ്രതിനിധിയെന്ന നിലയില്‍ എന്റെ കര്‍ത്തവ്യവും ഉത്തരവാദിത്തവുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ത്യയിലെ യുവജനത ഒന്നടങ്കവും ഇന്ത്യന്‍ ജനതയാകെയും ഇതേ വികാരം പങ്കുവയ്ക്കുകയും ഈ ദൗത്യത്തില്‍ പങ്കാളികളാകുകയും ചെയ്യുമെന്ന് ഞാന്‍ കരുതുന്നു. 07/04/23 വ്യാഴാഴ്ച ബിജെപിയുടെ നാല്‍പ്പത്തിനാലാം സ്ഥാപകദിവസം തന്നെ ഭാരതത്തിനുവേണ്ടി പ്രവര്‍ത്തിക്കാനും ആദരണീയനായ ശ്രീ നരേന്ദ്രമോദിജിയുടെ കാഴ്ചപ്പാടുകള്‍ക്കും വീക്ഷണങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാനും ഒരവസരം നല്‍കി, ഈ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ എന്നെ അനുവദിച്ച ബിജെപി നേതൃത്വത്തോട് നന്ദി പറയുന്നു. നന്ദി !’

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കന്നിക്കാരനാവും
കോണ്‍ഗ്രസില്‍ ഐ ടി വിഭാഗത്തിന്റെ ചുമതല വഹിച്ച അനിലിനെ ബി ജെ പി അതേ നിലയില്‍ ഒതുക്കാനല്ല ലക്ഷ്യമിടുന്നത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വിജയസാധ്യതയുള്ള ഒരു മണ്ഡലത്തില്‍ അനിലിനെ മത്സരിപ്പിക്കാനാണ് ഇപ്പോള്‍ ബി ജെ പി കേന്ദ്രങ്ങളില്‍ നടക്കുന്ന ആലോചന. ലോകസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തോ ചാലക്കുടിയിലോ അനിലിനെ മത്സരിപ്പിക്കുന്ന കാര്യമാണ് ആലോചിക്കുന്നത്. അനിലിന് പിന്നാലെ പലരും ഇനിയും ബി ജെ പിയില്‍ എത്തുന്ന ശക്തമായ പ്രചാരണം ബി ജെ പി ആരംഭിച്ചു കഴിഞ്ഞു. കേരളത്തില്‍ ക്രൈസ്തവ വിഭാഗത്തില്‍ ബി ജെ പി അനുകൂല നിലപാടുള്ള വിഭാഗത്തെ ഉത്തേജിപ്പിക്കാന്‍ അനില്‍ ആന്റണിയുടെ വരവ് വഴിയൊരുക്കുമെന്നാണു ബി ജെ പി കരുതുന്നത്. അനില്‍ ആന്റണിയെ ബി ജെ പിയില്‍ എത്തിക്കുന്നതില്‍ ഈ വിഭാഗം ചരടുവലി നടത്തിയെന്നും സൂചനയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →