ടോക്കിയോ: ജാപ്പനീസ് ജന്തുശാസ്ത്രജ്ഞനും സംവിധായകനുമായ മസനോരി ഹട്ട (87) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പൂച്ചക്കുട്ടിയും പഗ്ഗും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുള്ള 1980 കളിലെ ക്ലാസിക് ചിത്രമായ ദ് അഡ്വഞ്ചേഴ്‌സ് ഓഫ് മിലോ ആന്‍ഡ് ഓട്ടിസ് സംവിധാനം ചെയ്തത് അദ്ദേഹമാണ്. വടക്കന്‍ ജപ്പാനിലെ ഒരു ദ്വീപായ ഹൊക്കൈഡോയിലെ ഒരു കൃഷിയിടത്തിലാണ് അദ്ദേഹം തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത്. തവിട്ട് കരടികള്‍, കുതിരകള്‍, വിവിധ ഇനങ്ങളിലും വലുപ്പത്തിലുമുള്ള നായ്ക്കള്‍ എന്നിവയ്‌ക്കൊപ്പമായിരുന്നു ജീവിതം. അദ്ദേഹം ഒരു യൂടൂബ് ചാനലും നടത്തി. ചെറുതും വലുതുമായ മൃഗങ്ങളുമായുള്ള കൂടിക്കാഴ്ചകളുടെ ഫോട്ടോകള്‍ അദ്ദേഹത്തിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിറഞ്ഞിരുന്നു.