ന്യൂഡല്‍ഹി: കേരളത്തില്‍ ക്രൈസ്തവര്‍ അടക്കമുള്ള ജനവിഭാഗങ്ങളുടെ പിന്തുണ നേടാന്‍ അനില്‍ ആന്റണിയുടെ സാന്നിധ്യം ഉപകരിക്കുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. ഒരു കുടുംബത്തിനു വേണ്ടിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കരുതുന്നതെന്നും എന്നാല്‍, രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കണമെന്നാണു താന്‍ കരുതുന്നതെന്നും അനില്‍ ആന്റണി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ബഹുധ്രുവ ലോകത്തെ ഇന്ത്യയെ നേതൃസ്ഥാനത്ത് എത്തിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബി.ബി.സി. ഡോക്യുമെന്ററി ഇന്ത്യക്കെതിരായ ഗൂഢാലോചനയാണെന്ന അഭിപ്രായപ്രകടനത്തെച്ചൊല്ലിയുണ്ടായ വിവാദത്തെത്തുടര്‍ന്ന് അനില്‍ ആന്റണി നേരത്തെ കോണ്‍ഗ്രസ് വിട്ടിരുന്നു.
ഡോക്യുമെന്ററി മുന്‍നിര്‍ത്തി കോണ്‍ഗ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ആക്രമണം ശക്തമാക്കുമ്പോഴായിരുന്നു പാര്‍ട്ടി നിലപാട് തള്ളി അനില്‍ രംഗത്തുവന്നത്. കഴിഞ്ഞ ദിവസം സ്വാതന്ത്ര്യസമര നായകന്‍ വി.ഡി. സവര്‍ക്കറെ, രാഹുല്‍ ഗാന്ധി പരിഹസിച്ചതിനെതിരേയും അനില്‍ രംഗത്തെത്തിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ബിജെപിയിലേക്ക് അനില്‍ ആന്റണി ഔദ്യോഗിക പ്രവേശം നേടിയിരിക്കുന്നത്. അനില്‍ ആന്റണി പിതാവിനെ വഞ്ചിച്ചെന്നും ഇതു വഞ്ചനാദിനം ആണെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.