ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ യാത്രക്കാരൻ പെട്രോളൊഴിച്ച് തീയിട്ടു; മൂന്നു സ്ത്രീകൾ ഉൾപ്പെടെ എട്ട് യാത്രക്കാർക്ക് പൊള്ളലേറ്റു

കോഴിക്കോട് : കോഴിക്കോടിനു സമീപം എലത്തൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ യാത്രക്കാരൻ പെട്രോളൊഴിച്ച് തീയിട്ടു. ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടിവ് എക്സ് പ്രസിലെ ഡി1 കംപാർട്മെന്റിലാണ് യാത്രക്കാരൻ തീയിട്ടത്. 2023 ഏപ്രിൽ 2 ഞായറാഴ്ച രാത്രി 9.05ന് കോഴിക്കോട്ട് നിന്ന് കണ്ണൂരിലേക്കു തിരിച്ച ട്രെയിനിനുള്ളിലാണ് യാത്രക്കാരൻ തീയിട്ടത്. ട്രെയിൻ കോരപ്പുഴ പാലത്തിനു മുകളിലൂടെ നീങ്ങുമ്പോഴായിരുന്നു സംഭവം.

സംഭവത്തിൽ മൂന്നു സ്ത്രീകൾ ഉൾപ്പെടെ എട്ട് യാത്രക്കാർക്ക് പൊള്ളലേറ്റു. ഇതിൽ അഞ്ച് പേരെ മെഡിക്കൽ ആശുപത്രിയിലും മൂന്നു പേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കതിരൂർ സ്വദേശി അനിൽ കുമാർ, മകൻ അദ്വൈത്, ഭാര്യ സജിഷ, എറണാകുളം സ്വദേശി അശ്വതി, തളിപ്പറമ്പ് സ്വദേശി ജ്യോതീന്ദ്രനാഥ്, പ്രകാശൻ, പ്രിൻസ്, റൂബി എന്നിവർക്കാണ് പരുക്കേറ്റത്. സഹയാത്രികരുമായി ഉണ്ടായ വഴക്കിനെ തുടർന്നാണ് ഇയാൾ ട്രെയിനിനുള്ളിൽ തീയിട്ടതെന്നാണ് വിവരം. അതേസമയം, കൊലപാതക ശ്രമമാണ് നടന്നതെന്നാണ് വിവരം ലഭിച്ചതെന്ന് കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് പ്രതികരിച്ചു.

നിലത്ത് പെട്രോളൊഴിച്ചാണ് തീയിട്ടതെന്നാണ് യാത്രക്കാർ നൽകുന്ന വിവരം. കാറ്റത്ത് തീ പെട്ടെന്ന് പടർന്നുപിടിച്ചതോടെ, സമീപത്തെ സീറ്റുകളിലിരുന്ന യാത്രക്കാരുടെ വസ്ത്രങ്ങളിലേക്കും തീപടർന്നു. തീപിടിച്ചതോടെ പരിഭ്രാന്തരായ യാത്രക്കാർ മറ്റ് കംപാർട്ട്മെന്റുകളിലേക്ക് ഓടി. ഇതിനിടെ യാത്രക്കാരിലൊരാൾ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. തീ പടർന്നെങ്കിലും ഉടൻ തന്നെ അണയ്ക്കാനായത് വൻ അപകടം ഒഴിവാക്കി.

സംഭവത്തെ തുടർന്ന് പിടിച്ചിട്ട ട്രെയിൻ പിന്നീട് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലേക്കു മാറ്റി. ‌അതേസമയം, ട്രെയിൻ നിർത്തിയതിനു പിന്നാലെ, തീയിട്ടയാളെന്നു സംശയിക്കുന്ന ചുവപ്പു തൊപ്പിയും ഷർട്ടും ധരിച്ച യുവാവ് ഓടി രക്ഷപ്പെട്ടതായി ട്രെയിനിലുണ്ടായിരുന്നവർ പറയുന്നു. വിവരമറിഞ്ഞ് എലത്തൂരിൽനിന്നും പൊലീസ് സംഘവും കോഴിക്കോട്ടുനിന്ന് റെയിൽവേ പൊലീസും സ്ഥലത്തെത്തി. തീയിട്ടയാൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →