കൊച്ചി: ദേവികുളം നിയമസഭാ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ സാഹചര്യത്തിൽ ദേവികുളത്ത് ഉപതിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ തിരഞ്ഞെടുപ്പ്കമ്മിഷന് കത്തു നൽകി. ഹൈക്കോടതി വിധിക്കുമേൽ സുപ്രീംകോടതിയെ സമീപിക്കാൻ എ.രാജയ്ക്ക് പത്തുദിവസം സമയപരിധി അനുവദിച്ചിരുന്നു. എന്നാൽ അനുകൂല ഉത്തരവ് സുപ്രീംകോടതിയിൽനിന്ന് ലഭിക്കാത്ത സാഹചര്യത്തിൽ ജനപ്രാതിനിധ്യ നിയമം 107-ാം വകുപ്പ്പ്രകാരം അദ്ദേഹം അയോഗ്യനായതിനാൽ ഹൈക്കോടതിവിധി പൂർണാർഥത്തിൽ നടപ്പിലാക്കണമെന്നു കെ.സുധാകരൻ കത്തിൽ ആവശ്യപ്പെട്ടു.
പട്ടികജാതി സംവരണ മണ്ഡലമായ ഇടുക്കി ദേവികുളത്തു മത്സരിക്കാൻ രാജയ്ക്കു യോഗ്യതയില്ലെന്നു കാട്ടി എ.രാജയുടെ തിരഞ്ഞെടുപ്പു വിജയം ഹൈക്കോടതി റദ്ദാക്കിയിരുന്നു. രാജ അവകാശപ്പെടുന്നതുപോലെ അദ്ദേഹം ഹിന്ദു പറയർ സമുദായാംഗമല്ലെന്നും നാമനിർദേശ പത്രിക നൽകുമ്പോൾ ക്രിസ്തുമതത്തിലായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് രാജയുടെ തിരഞ്ഞെടുപ്പ് വിജയം കോടതി റദ്ദാക്കിയത്. വിജയം റദ്ദാക്കിയ വിധിക്ക് ഇടക്കാല സ്റ്റേ അനുവദിച്ച കോടതി സുപ്രീം കോടതിയെ സമീപിക്കാൻ പത്തു ദിവസം സമയം നൽകിയിരുന്നു.

