അകാല്‍ തഖ്തിനെ വലിച്ചിഴച്ച് അമൃത്പാല്‍; സിഖ് യോഗം വിളിക്കണമെന്ന് ആവശ്യം

ചണ്ഡിഗഡ്: അടുത്തമാസം 14 ന് സിഖുകാരുടെ സമ്മേളനം വിളിക്കണമെന്ന ആവശ്യവുമായി തീവ്ര സിഖ് മതപ്രഭാഷകനും വാരിസ് പഞ്ചാബ് ദേ തലവനും പിടികിട്ടാപ്പുള്ളിയുമായ അമൃത്പാല്‍ സിങ്. പോലീസിനെ വെട്ടിച്ചു മുങ്ങി നടക്കുന്ന അമൃത്പാല്‍ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെ സിഖ് സമുദായത്തിന്റെ പരമോന്നത സഭയായ അകാല്‍ തഖ്ത് പ്രധാന പുരോഹിതന്‍ ഹര്‍പ്രീത് സിങ് മുമ്പാകെയാണ് ഈ ആവശ്യം ഉന്നയിച്ചത്.

ഖലിസ്ഥാന്‍ അനുകൂലിയായ അമൃത്പാലിന്റെ വിഷയത്തില്‍ അകാല്‍ തഖ്ത് മേധാവിയെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വിമര്‍ശിച്ച് ഒരുദിവസം തികയും മുമ്പേയാണിതെന്നതും ശ്രദ്ധേയം. പഞ്ചാബ് സര്‍ക്കാരിന്റെ നടപടി തന്നെ മാത്രം ലക്ഷ്യമിട്ടല്ലെന്നും സിഖ് സമുദായത്തിനു നേരേയുള്ള കടന്നാക്രമണമാണെന്നും വീഡിയോയില്‍ അമൃത്പാല്‍ ചൂണ്ടിക്കാട്ടിയിരുന്നു. അറസ്റ്റില്‍ ഭയമില്ല. സിഖുകാരെ ഭയപ്പെടുത്താനാണു ശ്രമം. ഇതിനെതിരേ വിളവെടുപ്പ് ഉത്സവമായ വൈശാഖി ദിനത്തില്‍ സിഖുകാരുടെ ആഗോള യോഗം വിളിക്കണമെന്നാണ് അമൃത്പാലിന്റെ ആവശ്യം.

അജ്‌നാല പോലീസ് സ്‌റ്റേഷന്‍ ആക്രമണക്കേസില്‍ ഉള്‍പ്പെടെ പ്രതിചേര്‍ക്കപ്പെട്ട അമൃത്പാല്‍ പോലീസിനെ വെട്ടിച്ച് മുങ്ങിനടക്കുകയാണ്. ഇതിനിടെ പഞ്ചാബിലെത്തി കീഴടങ്ങാന്‍ ശ്രമിക്കുകയാണെന്നും അഭ്യൂഹമുണ്ടായിരുന്നു.
പോലീസുമായുള്ള ഒളിച്ചുകളിക്കു വ്യക്തമായ കാരണം നിരത്താതെ അഖാല്‍ തക്തിനെ വിഷയത്തില്‍ ഇടപെടുവിച്ച് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി തലയൂരാനുള്ള അമൃത്പാലിന്റെ തന്ത്രമാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →