കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ ലഹരിമരുന്ന് വേട്ട. 360 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിലായി. നല്ലളം സ്വദേശി ലബൈക്ക് വീട്ടിൽ ജെയ്സൽ ആണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ പ്രതി ലഹരിപദാർഥങ്ങൾ വീട്ടിൽ സൂക്ഷിച്ചിട്ടുള്ളതായി സമ്മതിച്ചു. തുടർന്നു നടത്തിയ പരിശോധനയിൽ 10 ലക്ഷം രൂപയോളം വിലവരുന്ന 256 ഗ്രാം എംഡിഎംഎയും 20 ലക്ഷം രൂപയോളം വിലവരുന്ന 434 ഗ്രാം ഹാഷിഷ് ഓയിലും കൂടി കൂടി കണ്ടെത്തി. ആന്ധ്രപ്രദേശ്, മണാലി, വിശാഖപട്ടണം, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് ഇയാൾ ലഹരിപദാർഥങ്ങൾ വാങ്ങി കേരളത്തിലെത്തിച്ചിരുന്നത്.
സ്കൂൾ വിദ്യാർഥികളെ ലക്ഷ്യംവച്ച് സിന്തറ്റിക് – സെമി സിന്തറ്റിക് ലഹരിമരുന്നുകൾ വിൽപന നടത്തിയിരുന്ന ജെയ്സൽ ആദ്യമായാണ് പൊലീസിന്റെ പിടിയിലാകുന്നത്. പച്ചക്കറികളും പഴങ്ങളും കൊണ്ടുവരുന്ന വാഹനങ്ങളിലാണ് ഇവ കടത്തിയിരുന്നത്. ലഹരി വിറ്റ് പണം സമ്പാദിക്കുന്നതിൽ സംശയം തോന്നാതിരിക്കാൻ ജെയ്സൽ കൂട്ടുകാരിൽനിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പണം കടമെടുത്തിരുന്നു.
ഹാഷിഷ് ഓയിൽ ഗ്രാമിന് 2,000 രൂപയ്ക്കാണ് വിൽപന നടത്തിയിരുന്നത്. മണാലി ചരസ് എന്നപേരിൽ വിപണിയിലിറങ്ങുന്ന ഹാഷിഷ് ഓയിൽ ചോദിക്കുന്ന വിലയ്ക്ക് എടുക്കാൻ ആവശ്യക്കാരുണ്ടെന്ന് ജെയ്സൽ പൊലീസിനു മൊഴി നൽകി. വിൽപനയ്ക്കായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഉണ്ടെന്നും അതുവഴി ആവശ്യക്കാരുമായി ആശയവിനിമയം നടത്തുമെന്നും പ്രതി മൊഴി നൽകി.