റിയാദ്: ജിദ്ദയിലെ വിവിധ ഡിസ്ട്രിക്ടുകളിലെ വീടുകളിൽ ബലദിയ അധികൃതരുടെ ശുചിത്വ പരിശോധന. ജിദ്ദയിലെ ബാച്ച്ലർ മുറികളിലും ഫ്ലാറ്റുകളിലും, മുറികളുടെ ബാത്ത് റൂമുകളും അടുക്കളകളും പരിശോധിക്കുന്ന ഉദ്യോഗസ്ഥ സംഘമാണ് ബലദിയ. ശുചിത്വമില്ലായ്മ കണ്ടെത്തിയാൽ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകുകയാണ് ആദ്യംചെയ്യുക. അണുനാശിനികളുമായി എത്തുന്ന ബലദിയ സംഘമാണ് പരിശോധന നടത്തുന്നത്. ബാച്ച്ലർ മുറികളിലാണ് അകത്തുകയറിയുള്ള പരിശോധന. കുടുംബങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ വീടിന് പുറത്തുനിന്ന് വിവരങ്ങൾ ചോദിച്ചറിയുകയും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്ന് ഉപദേശിക്കുകയുമാണ് ചെയ്യുന്നത്.
ബാച്ച്ലർമാരുടെ താമസ സ്ഥലങ്ങളിൽ അടുക്കളകളിലും ബാത്ത്റൂമുകളിലും പരിശോധന നടത്തുകയും സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നതിന് ഉൾപ്പെടെ മുന്നറിയിപ്പ് നൽകുകയും ചെയ്യും. അടുക്കളയിൽ പ്രാണികളുടെ സാന്നിദ്ധ്യവും പരിശോധിക്കുന്നുണ്ട്. വിവരങ്ങൾ അധികൃതർ രേഖപ്പെടുത്തും. വൃത്തിയില്ലായ്‍മ തുടർന്നാൽ പിഴ അടയ്ക്കേണ്ടി വരുമെന്ന മുന്നറിയിപ്പും ആദ്യ ഘട്ടത്തിൽ നൽകുന്നു. ആരോഗ്യകരമായ താമസം ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് ജിദ്ദയിലെ ബലദിയ അധികൃതർ പറഞ്ഞു.

