മത്തായി ചേട്ടന്‍ ഉണ്ടിട്ടില്ല, എന്താ നിനക്ക് ഉണ്ണണോ” വിട പറയുന്നത് ഹാസ്യ സമ്രാട്ട്

ഹാസ്യ നടന്മാരാല്‍ സമ്പന്നമായിരുന്നു എക്കാലവും മലയാള സിനിമ. എസ്.പി. പിള്ള, ബഹുദൂര്‍, അടൂര്‍ ഭാസി, ജഗതി തുടങ്ങിയവരുടെ ശ്രേണിയിലേക്ക് തന്റെ പേര് കൂടി എഴുതിചേര്‍ക്കാന്‍ ഇന്നസെന്റിന് കഴിഞ്ഞത് ആ കലാകാരന്റെ ആത്മസമര്‍പ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായാണ്.
തൃശൂര്‍ ശൈലിയിലുള്ള അദ്ദേഹത്തിന്റെ സംഭാഷണം പ്രേക്ഷകരെ നന്നായി ഹരം കൊള്ളിച്ചിട്ടുണ്ട്. നാദിര്‍ഷ മുമ്പ് എല്ലാ വര്‍ഷവും ഇറക്കിയിരുന്ന ‘ഓണത്തിനിടയില്‍ പുട്ടു കച്ചവടം’ എന്ന ഓഡിയോ കാസറ്റില്‍ മാവേലിയുടെ ശബ്ദമായി നല്‍കിയിരുന്നത് ഇന്നസെന്റിന്റേത് ആയിരുന്നു. എന്നാല്‍ ഡബ്ബ് ചെയ്തിരുന്നത് ദിലീപാണ്. ഇന്നസെന്റിന്റെ ശബ്ദം അനുകരിച്ചത് കൊണ്ടാണ് തങ്ങളുടെ കാസറ്റുകള്‍ വിപണി കീഴടക്കാന്‍ ഇടയാക്കിയതെന്ന് സുഹൃത്തുക്കളായ നാദിര്‍ഷയും ദിലീപും വ്യക്തമാക്കിയിട്ടുണ്ട്. നീയൊന്നും ഒരുകാലത്തും ഗുണം പിടിക്കില്ല, നീയൊക്കെ എന്തിനാ പഠിക്കണേ എന്നീ സംഭാഷണങ്ങളും രംഗങ്ങളും എത്ര കണ്ടാലും മലയാളികള്‍ക്ക് ചിരിയടക്കാനാവില്ല. കിലുക്കത്തില്‍ ലോട്ടറിയടിച്ചതറിഞ്ഞ് ബോധംകെട്ടു വീഴുന്ന കിട്ടുണ്ണിയെ ഇന്നസെന്റിനോളം ഫലപ്രദമായി അവതരിപ്പിക്കാന്‍ മറ്റാര്‍ക്കെങ്കിലും കഴിയുമോയെന്നത് സംശയമാണ്.

അഴകിയ രാവണനിലെ ”തോന്നയ്ക്കല്‍ പഞ്ചായത്തിലെ ഓരോ അരിയും ഞാന്‍ പറക്കിയെടുത്തുവെന്ന” ഹാസ്യരംഗത്ത് എത്ര രസകരമായാണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നത്. കാലം എത്ര കഴിഞ്ഞാലും തോന്നയ്ക്കല്‍ പഞ്ചായത്തും പോലീസുകാരനായുള്ള ആ നില്‍പ്പും നമ്മള്‍ക്ക് മറക്കാനാകുമോ. റാംജി റാവു സ്പീക്കിങ്ങിലെ ഉര്‍വശി തിയറ്റേഴ്‌സിന്റെ ഉടമയായ മത്തായിച്ചന്‍ എന്ന കഥാപാത്രം അദ്ദേഹത്തിന് വലിയ പ്രേക്ഷക ശ്രദ്ധ തന്നെ നേടിക്കൊടുത്തു. ”മത്തായി ചേട്ടന്‍ ഉണ്ടിട്ടില്ല, എന്താ നിനക്ക് ഉണ്ണണോ” എന്നുള്ള ആ ചോദ്യം പ്രേക്ഷകരെ തെല്ലൊന്നുമല്ല ചിരിപ്പിച്ചത്. ”കര്‍ത്താവിന് ആവശ്യമുള്ള പുകയെടുത്തിട്ട് ബാക്കിയുള്ളത് മറ്റ് ദൈവങ്ങള്‍ക്ക് കൊടുത്താല്‍ മതി”യെന്ന് ഇന്നസെന്റിന്റെ കഥാപാത്രം പറയുമ്പാള്‍ ചിരിയുടെകൂടെ അല്‍പ്പം ചിന്തയ്ക്കുള്ള വക കൂടി നല്‍കുന്നു.

വെള്ളിത്തിരയില്‍ ഹാസ്യം കൈകാര്യം ചെയ്യുന്നവര്‍ പൊതുവേദിയില്‍ ചിലപ്പോള്‍ ഗൗരവകാരായിരിക്കും. എന്നാല്‍ ഇന്നസെന്റ് സിനിമയില്‍ മാത്രമല്ല അതിന് പുറത്തും മറ്റുള്ളവരെ ചിരിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയിരുന്നു. ഒരു ടെലിവിഷന്‍ പരിപാടിയില്‍ ആരാണ് ഏറ്റവും പ്രിയപ്പെട്ട സംവിധായകന്‍ എന്ന് ഒരു നടന്‍ ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പരിഹാസം കലര്‍ന്ന മറുപടി ഇതായിരുന്നു. നിനക്ക് എന്റെ കഞ്ഞികുടി മുട്ടിക്കണമെന്നുണ്ടോ, ഈ ചോദ്യമൊക്കെ
വച്ചിരുന്നാല്‍ മതി.

ഇന്നസെന്റിനെ അനുകരിക്കുക മിമിക്രി കലാകാരന്‍മാര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. മലയാളത്തിലെ പല മുന്‍നിര സംവിധായകരും (പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, ഫാസില്‍, കമല്‍ തുടങ്ങിയവര്‍) ഇന്നസെന്റില്ലാതെ അപൂര്‍വമായേ സിനിമ ചെയ്യുമായിരുന്നുള്ളൂ എന്നതില്‍ നിന്ന് അദ്ദേഹത്തിന്റെ ജനപ്രീതി അളക്കാന്‍ കഴിയും. ഹാസ്യം മാത്രമമല്ല, നിരവധി സിനിമകളില്‍ സീരിയസ്, ക്യാരക്ടര്‍ റോളുകളില്‍ തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. 12 വര്‍ഷമായി അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റുകളുടെ (അമ്മ) പ്രസിഡന്റാണ്. കഴിഞ്ഞ നാല് തവണ തുടര്‍ച്ചയായി അദ്ദേഹം ഈ സ്ഥാനം വഹിച്ചിട്ടുണ്ട്.
1972ല്‍ നൃത്യശാല എന്ന ചിത്രത്തിലൂടെയാണ് ഇന്നസെന്റ് സിനിമാ രംഗത്തേക്ക് എത്തുന്നത്. ആദ്യം, അദ്ദേഹം കുറച്ച് സീരിയസ് ഓഫ് ബീറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ചെങ്കിലും വിജയിച്ചില്ല. തന്റെ കരിയറിന്റെ നീണ്ട കാലയളവില്‍, ഇന്നസെന്റ് 600 ലധികം സിനിമകളില്‍ വ്യത്യസ്തമായ വേഷങ്ങളില്‍, പ്രധാനമായും മലയാളത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏതാനും തമിഴ്, ഹിന്ദി സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

റാംജി റാവു സ്പീക്കിംഗ്, മാന്നാര്‍ മത്തായി സ്പീക്കിംഗ്, കിലുക്കം, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, നാടോടിക്കാറ്റ്, ദേവാസുരം തുടങ്ങിയ ചിത്രങ്ങളില്‍ ഇന്നസെന്റ് ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കേളി, കാതോട് കാതോരം തുടങ്ങിയ കഥാപാത്രങ്ങളിലും വില്ലന്‍ വേഷങ്ങളിലും ഇന്നസെന്റ് മികച്ചുനിന്നു.
കാബൂളിവാല, ഗജകേസരിയോഗം, മിഥുനം, മഴവില്‍ക്കാവടി, മnadissനസിനക്കരെ, തുറുപ്പുഗുലാന്‍, രസതന്ത്രം, മഹാസമുദ്രം എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. ഈ ചിത്രങ്ങളില്‍ അഭിനയിച്ച സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അദ്ദേഹത്തിന്റെ പരിശ്രമവും അവരുടെ വിജയത്തില്‍ ഒരു പ്രധാന പങ്ക് വഹിച്ചു. പൊന്‍ മുട്ടയിടുന്ന താറവ്, െമെ ഡിയര്‍ മുത്തച്ചന്‍, ഗോഡ്ഫാദര്‍, മണിച്ചിത്രത്താഴ് തുടങ്ങിയ സിനിമകളില്‍ കെ.പി.എ.സി.ലളിതയുമായുള്ള അദ്ദേഹത്തിന്റെ ജോടി മികച്ച വിജയമായിരുന്നു.
1980 മുതല്‍ കാന്‍സര്‍ ചികിത്സയെത്തുടര്‍ന്ന് അദ്ദേഹം ഒരു സിനിമയിലും പ്രത്യക്ഷപ്പെടാത്ത ഒരേയൊരു വര്‍ഷം 2020 ആണ്.

ചാലക്കുടി എം.പിയായിരുന്നപ്പോള്‍ ശ്മശാനം ഉദ്ഘാടനം ചെയ്യാന്‍ ഇന്നസെന്റിനെ ക്ഷണിച്ചു. പിന്നീട് അതിനെ പറ്റി അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു. ”ഉദ്ഘാടനം കഴിഞ്ഞാല്‍ സംഘാടകര്‍ പ്രസംഗത്തിന് ക്ഷണിക്കുമോയെന്നായിരുന്നു തന്റെ പേടി. അങ്ങനെ വന്നാല്‍ എന്താണ് പറയുക, ഞാന്‍ ഉദ്ഘാടനം ചെയ്ത ഈ ശ്മശാനത്തില്‍ നിങ്ങള്‍ക്കൊക്കെ വേഗം എത്താന്‍ കഴിയട്ടെ എന്ന് എങ്ങാനും ആശംസിക്കാന്‍ പറ്റുമോ.”

ജനപ്രതിനിധി എന്ന നിലയില്‍ നേരിട്ട പ്രയാസങ്ങള്‍ പറഞ്ഞ കൂട്ടത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. മലയാളികളെ അഭിനയത്തിലൂടെയും വാക്കുകളിലൂടെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കലാകാരന്‍ വിടവാങ്ങുമ്പാള്‍ അവശേഷിക്കുന്നത് വലിയ ശൂന്യതയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →