കുവൈത്ത് സിറ്റി: നാട്ടിൽ നിന്ന് മടങ്ങിവരികയായിരുന്ന പ്രവാസി കഞ്ചാവുമായി ഇന്ത്യക്കാരൻ അറസ്റ്റിലായി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അഞ്ചാം ടെർമിനലിലാണ് അറസ്റ്റിലായതെന്ന് അധികൃതർ അറിയിച്ചു. കഞ്ചാവിനൊപ്പം മറ്റ് ലഹരി വസ്‍തുക്കളും ഇയാളുടെ കൈവശമുണ്ടായിരുന്നു.
സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യക്കാരനായ പ്രവാസിയെ അധികൃതർ വിശദമായ പരിശോധനകൾക്ക് വിധേയമാക്കിയതെന്ന് എയർപോർട്ട്സ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഒസാമ അൽ ശംസി പറഞ്ഞു. ഒറ്റനോട്ടത്തിൽ വസ്‍ത്രങ്ങൾ മാത്രമായിരുന്നു ബാഗിലുണ്ടായിരുന്നത്. എന്നാൽ ഇവയ്ക്കിടയിൽ ചെറിയ പാക്കറ്റുകളിലാക്കി കഞ്ചാവും ഒളിപ്പിച്ചിരുന്നു. 88 പാക്കറ്റ് നിരോധിത വസ്‍തുക്കൾ പരിശോധനയിൽ പിടിച്ചെടുത്തു.
നിരോധിത ലഹരി വസ്‍തുക്കളുമായെത്തിയ മറ്റൊരു പ്രവാസിയും കുവൈത്ത് വിമാനത്താവളത്തിൽ അറസ്റ്റിലായതായി അധികൃതർ അറിയിച്ചു. വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽ വന്നിറങ്ങിയ ഇയാളുടെ ബാഗേജിൽ ഹാഷിഷും നിരവധി ലഹരി ഗുളികകളും ഉണ്ടായിരുന്നു. വിമാനത്താവളത്തിലെ വിവിധ വിഭാഗങ്ങൾ സംയുക്തമായി പരിശോധനകൾ കർശനമാക്കിയിരുന്നു. പിടിയിലായ രണ്ട് പേരെയും തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു.