കോട്ടയം: കോട്ടയം സർക്കാർ മെഡിക്കൽ കോളജിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഗുരുതര ഹൃദ്രോഗമുള്ള കോട്ടയം പള്ളിക്കച്ചിറ സ്വദേശി എം.ആർ. രാജേഷിനാണ് (35) ഹൃദയം മാറ്റിവച്ചത്. കൊച്ചി ആംസ്റ്റർ മെഡിസിറ്റിയിൽ മസ്തിഷ്‌ക മരണമടഞ്ഞ മഹാരാഷ്ട്ര സ്വദേശിനി ശ്യാമള രാമകൃഷ്ണന്റെ ഹൃദയമാണ് രാജേഷിന് ലഭ്യമാക്കിയത്. സംസ്ഥാന സർക്കാരിന്റെ അവയവദാനം ഏകോപിപ്പിക്കുന്ന കെ. സോട്ടോ വഴിയായിരുന്നു അവയവദാനം.
ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ആശുപത്രി സൂപ്രണ്ട് ഡോ. ജയകുമാറിനേയും മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. ഒപ്പം അവയവം ദാനം നൽകിയ ശ്യാമള രാമകൃഷ്ണന്റെ (52) ബന്ധുക്കൾക്ക് മന്ത്രി നന്ദിയുമറിയിച്ചു.
കോട്ടയം മെഡിക്കൽ കോളജിൽ എട്ടാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് നടന്നത്. 3 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും ഇവിടെ നടന്നിട്ടുണ്ട്. 4 മണിക്കൂറോളം എടുത്താണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. രാജേഷ് തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.
ശ്യാമള രാമകൃഷ്ണൻ 6 പേർക്കാണ് പുതുജീവൻ നൽകുന്നത്. ഹൃദയം, കരൾ, 2 വൃക്കകൾ, 2 കണ്ണുകൾ എന്നിവയാണ് ദാനം നൽകിയത്. ഒരു വൃക്ക കോഴിക്കോട് മെഡിക്കൽ കോളജിനാണ് ലഭിച്ചത്. പൊലീസിന്റെ സഹകരണത്തോടെ ഗ്രീൻ ചാനൽ ഒരുക്കിയാണ് അവയവവിന്യാസം നടത്തിയത്.