തിരുവനന്തപുരം: ജനാധിപത്യത്തിന്റെ ശവക്കുഴി തോണ്ടുകയാണ് ബിജെപി എന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. മുൻ എ.ഐ.സി.സി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വായ് മൂടികെട്ടാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടിയിൽ പ്രതിഷേധിച്ച് എ.ഐ.സി.സി ആഹ്വാനപ്രകാരം ഡിസിസികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സത്യഗ്രഹത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗാന്ധിപാർക്കിൽ നിർവഹിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
വിമർശിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ ആത്മാവാണ്. അതിനെ ഇല്ലായ്മ ചെയ്യാനാണ് ബിജെപി ഭരണകൂടം ശ്രമിക്കുന്നത്. പ്രതിപക്ഷ പദവിക്ക് യോഗ്യത ഇല്ലാഞ്ഞിട്ട് പോലും എ.കെ.ജിയെ പ്രതിപക്ഷനേതാവായി പ്രതിഷ്ഠിച്ച നെഹ്റുവിനെ പോലുള്ള പ്രധാനമന്ത്രിമാരാണ് നമ്മുടെ ജനാധിപത്യത്തിന്റെ അന്തസ്സ്. പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിച്ചതാണ് കോൺഗ്രസ് സർക്കാരുകളുടെ പാരമ്പര്യം. രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ചവരുടെ പേരിനൊപ്പം പ്രധാനമന്ത്രിയുടെ പേരും പരാമർശിച്ചതാണോ രാഹുൽ ഗാന്ധി ചെയ്ത കുറ്റം. ഭീക്ഷണിപ്പെടുത്തിയാൽ തകർന്ന് പോകുന്നവരല്ല കോൺഗ്രസ്. ചൂട്ട് കാണിച്ച് കോൺഗ്രസിനെ ഭയപ്പെടുത്താമെന്ന് ബിജെപി കരുതണ്ട. ഇതിലും വലിയ പ്രതിസന്ധികളെ കോൺഗ്രസ് അതിജീവിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ സഹനശക്തി ബിജെപിക്കറിയില്ല. ജനശക്തിയുള്ള പ്രസ്ഥാനമാണ് കോൺഗ്രസ്. ആ ജനശക്തിക്ക് മുന്നിൽ ഏകാധിപത്യ ഭരണകൂടത്തിന് തലകുനിക്കേണ്ടി വരും. സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതിയുടെ വിധിപ്രസ്താവത്തിൽ അവ്യക്തയുണ്ട്. നിസ്സാര കാരണങ്ങളാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കാൻ ചൂണ്ടിക്കാട്ടിയത്. അതിന് ബിജെപിയും മോദിയും ഭരണകൂടവും മറുപടി പറയേണ്ടിവരും.
ഭൗമസൂചികയിൽ ഇടംനേടിയ കേരളത്തിന്റെ സ്വന്തം കുറ്റ്യാട്ടൂർ മാങ്ങ, ഞെട്ടിക്കുന്ന ഇടിവ്; പരിശോധനക്ക് വിദഗ്ധസംഘം രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികളായ ജനങ്ങൾ പ്രതീക്ഷയോടെ നോക്കുന്ന നേതാവാണ് രാഹുൽ ഗാന്ധി. രാജ്യത്ത് അദ്ദേഹത്തിന് പകരം വെയ്ക്കാൻ മറ്റൊരു നേതാവില്ല. ഇന്നലെ വരെ എതിർത്തവർക്കും രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കുന്ന അനിവാര്യ സാഹചര്യമാണിന്ന്. രാഹുൽ ഗാന്ധിക്ക് സിപിഎം പിന്തുണ പ്രഖ്യാപിച്ചത് സാഹചര്യത്തിന്റെ സമ്മർദ്ദമാണ്. സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതിയുടെ വിധി നീതിന്യായ വ്യവസ്ഥയിലെ അവസാനത്തേതല്ല. ഇനിയും കോടതികളുണ്ട്. കോൺഗ്രസ് നിയമപോരാട്ടം തുടരും. അതിനായി നിയമവിദഗ്ദ്ധരെ ഉൾപ്പെടുത്തി ഒരു ടീമിന് കോൺഗ്രസ് രൂപം നൽകിയിട്ടുണ്ട്. ഉയർന്ന് വരുന്ന ജനരോഷത്തിൽ ബിജെപി ഭരണകൂടത്തിന് അടിയറവ് പറയേണ്ടിവരുമെന്നും സുധാകരൻ പറഞ്ഞു.
സ്വാതന്ത്ര്യാനന്തരം ഒന്നുമില്ലാതിരുന്ന ഇന്ത്യക്ക് അസ്ഥിയും മജ്ജയും മാംസവും നൽകിയത് കോൺഗ്രസാണ്. സാമ്പത്തിക, വിദ്യാഭ്യാസ, കാർഷിക, സാങ്കേതിക, വ്യവസായ, വികസന രംഗത്ത് ഉൾപ്പെടെ എല്ലാ മാറ്റങ്ങളും കൊണ്ടുവന്നത് കോൺഗ്രസ് സർക്കാരുകളാണ്. കോൺഗ്രസ് രാജ്യത്തിന് നൽകിയ സംഭവാനകളെ വിറ്റുതുലയ്ക്കുകയും ചങ്ങാത്ത മുതലാളിമാർക്ക് അടിയറവ് വെയ്ക്കുകയും ചെയ്തവരാണ് ബിജെപി ഭരണകൂടമെന്നും സുധാകരൻ പറഞ്ഞു.
യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ, കൊടിക്കുന്നിൽ സുരേഷ് എംപി, ടി.യു.രാധാകൃഷ്ണൻ, ശശി തരൂർ എംപി, എൻ.ശക്തൻ, പാലോട് രവി, ജി.സുബോധൻ, മരിയാപുരം ശ്രീകുമാർ, ജി.എസ്.ബാബു, എം.വിൻസന്റ് എംഎൽഎ, വി.എസ്.ശിവകുമാർ, ചെറിയാൻ ഫിലിപ്പ്, കെ.മോഹൻകുമാർ, ശരത്ചന്ദ്ര പ്രസാദ്, മണക്കാട് സുരേഷ്, വർക്കല കഹാർ, നെയ്യാറ്റിൻകര സനൽ, കെ.എസ്.ശബരീനാഥൻ, പന്തളം സുധാകരൻ, കരകുളം കൃഷ്ണപിള്ള, ചെമ്പഴന്തി അനിൽ, ആറ്റിപ്ര അനിൽ, തുടങ്ങിയവർ കിഴക്കേകോട്ട ഗാന്ധിപാർക്കിൽ നടന്ന സത്യഗ്രഹത്തിൽ പങ്കെടുത്തു.
ഡിസിസികളുടെ നേതൃത്വത്തിൽ എല്ലാ ജില്ലാ ആസ്ഥാനത്തും ഗാന്ധി പ്രതിമയ്ക്ക് രാവിലെ 10 മണി മുതൽ വെെകുന്നേരം 5 മണി വരെയായിരുന്ന സത്യഗ്രഹം സംഘടിപ്പിച്ചത്. എറണാകുളത്ത് പ്രതിപക്ഷനേതാവ് വിഡി സതീശനും പ്രമുഖ ചെറുകഥാകൃത്തും സാഹിത്യകാരനുമായ ടി.പത്മനാഭൻ കണ്ണൂരും, ആലപ്പുഴയിൽ രമേശ് ചെന്നിത്തലയും കൊല്ലത്ത് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപിയും പത്തനംതിട്ടയിൽ ആൻറോ ആൻറണി എംപിയും തൃശ്ശൂരിൽ ടി.എൻ പ്രതാപൻ എംപിയും കോട്ടയത്ത് കെപിസിസി വെെസ് പ്രസിഡന്റ് വിടി ബൽറാമും പാലക്കാട് വി.കെ.ശ്രീകണ്ഠൻ എംപിയും കാസർഗോഡ് രാജ്മോഹൻ ഉണ്ണിത്താനുംകോഴിക്കോട് എം.കെ.രാഘവൻ എംപിയും വയനാട് എൻ.ഡി. അപ്പച്ചനും ഇടുക്കിയിൽ ഡീൻ കുര്യാക്കോസ് എംപിയും സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. അതത് ജില്ലകളിലെ കെ.പി.സി.സി ഭാരവാഹികൾ, എം.പിമാർ, എം.എൽ.എമാർ, ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ തുടങ്ങി പ്രമുഖ കോൺഗ്രസ് നേതാക്കൾ ജില്ലകളിൽ നടന്ന സത്യഗ്രഹത്തിൽ പങ്കെടുത്തു.

