മലയാള മാധ്യമപ്രവർത്തനത്തിന്റെ 175-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കേരള മീഡിയ അക്കാദമി, ന്യൂസ് ലോൺഡ്രി, ദി ന്യൂസ് മിനുട്ട്, കോൺഫ്‌ളൂവൻസ് മീഡിയ എന്നീ മാധ്യമസ്ഥാപനങ്ങൾ, കേരള പത്രപ്രവർത്തക യൂണിയൻ എന്നിവരുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ആഗോള മാധ്യമോത്സവമായ ‘ഗ്ലോബൽ മീഡിയ ഫെസ്റ്റിന് കൊച്ചിയിൽ തുടക്കമായി. വെള്ളിയാഴ്ച വൈകീട്ട് 4.30ന് എറണാകുളം ടൗൺ ഹാളിൽ പ്രഗൽഭ ഫോട്ടോ ജേണലിസ്റ്റ് രഘുറായ് ഉദ്ഘാടനം ചെയ്ത അന്താരാഷ്ട്ര ഫോട്ടോപ്രദർശനത്തോടെയാണ് പരിപാടി ആരംഭിച്ചത്. ‘കാഴ്ചയുടെ ക്ഷോഭം, കാഴ്ചയുടെ വസന്തം’ എന്നാണ് ഫോട്ടോ പ്രദർശത്തിന്റെ ആശയം. തുടർന്ന് കേരളത്തിലെ മുതിർന്ന ഫോട്ടോ ജേർണലിസ്റ്റുകളെ ആദരിച്ചു.
ആറുമാസം നീളുന്ന മാധ്യമോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി. രാജീവ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എന്നിവർ മുഖ്യാതിഥികളാകുന്ന പരിപാടിയിൽ കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിക്കും. മീഡിയ അക്കാദമിയുടെ മൂന്ന് ഉന്നത പുരസ്‌കാരങ്ങളായ വേൾഡ് പ്രസ് ഫോട്ടോഗ്രാഫി പുരസ്‌കാരം രഘുറായ്ക്കും, 2022-ലെ ഏറ്റവും മികച്ച മാധ്യമവ്യക്തിക്കുള്ള പുരസ്‌കാരം പാവ്ല ഹോൾകോവയ്ക്കും, മലയാളിയായ മാധ്യമപ്രവർത്തകർ രചിച്ച ഏറ്റവും മികച്ച ഗ്രന്ഥ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട ‘ദി സൈലന്റ് കൂപ്പിന്റെ’ രചയിതാവ് ജോസി ജോസഫിനും ചടങ്ങിൽ സമ്മാനിക്കും. തുടർന്ന് കാലാവസ്ഥ, സുസ്ഥിരത, അനിമേഷൻ സങ്കേതത്തിലൂടെയുള്ള ആശയവിനിമയം, നമ്മുടെ മാധ്യമപ്രവർത്തനം, നമ്മുടെ മാധ്യമവ്യവസായം, കോടതി കേസുകളും മറ്റു വെല്ലുവിളികളും, വാർത്താവിഷ്‌കാരത്തിനുള്ള വിവിധ മാധ്യമങ്ങൾ എന്നീ സെമിനാറുകൾ നടക്കും. സെമിനാറിന്റെ പ്രധാന ആകർഷണം ‘ഗബ്രിയേൽ ഗാർഷ്യ മാർക്കേസിന്റെ ജേണലിസം’ എന്ന വിഷയത്തിൽ മാർക്കേസിന്റെ ദീർഘകാല സുഹൃത്തും മാർക്കേസ് പാരമ്പര്യത്തിന്റെ ജീവിച്ചിരിക്കുന്ന ആധികാരിക മുഖവുമായ ഗബോ ഫൗണ്ടേഷന്റെ സി.ഇ.ഒ ജയ്‌മേ അബേല്ലോ ബാഫ്‌നിക്കൊപ്പമുള്ള സെഷൻ ആയിരിക്കും. ബോഫോഴ്‌സ് അഴിമതി പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തക ചിത്രാ സുബ്രഹ്‌മണ്യം 3.30ന് അതേ കുറിച്ച് സംസാരിക്കും. 4.00 ന് മാധ്യമപ്രവർത്തനത്തിനുള്ള സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സർക്കാർ നൽകുന്ന ഉന്നത പുരസ്‌കാരമായ സ്വദേശാഭിമാനി പുരസ്‌കാരം ലഭിച്ച മുഴുവൻ ആളുകളേയും ഉദ്ഘാടന പരിപാടിയുടെ ഭാഗമായി ആദരിക്കും. കേരള മീഡിയ അക്കാദമിയുടെ 2022 ലെ മാധ്യമ അവാർഡുകൾ ചടങ്ങിൽ പാവ്‌ലഹോൾകോവ സമ്മാനിക്കും.
ചെക്ക് റിപബ്ലിക്ക് മാധ്യമപ്രവർത്തക പാവ്ല ഹോൽകോവയ്ക്കാണ് കേരള മീഡിയ അക്കാദമിയുടെ ഈ വർഷത്തെ മികച്ച മാധ്യമവ്യക്തിത്വത്തിലുള്ള പുരസ്‌കാരം. സഹപ്രവർത്തകനായിരുന്ന യാൻ കുചിയാകിന്റെയും കൂട്ടുകാരി മാർട്ടിന കിഷ്നിറോവയുടേയും കൊലപാതകത്തെ തുടർന്ന് പാവ്ല നടത്തിയ ധീരവും നൂതനവുമായ പത്രപ്രവർത്തനമാണ് പാവ്ലയെ പ്രശസ്തയാക്കിയത്. ഈ കൊലപാതകങ്ങളോടുള്ള പാവ്‌ലയുടെ ധീരമായ പ്രതികരണമായ ‘ദ കില്ലിങ് ഓഫ് എ ജേണലിസ്റ്റ്’ എന്ന ഫീച്ചർ ഡോക്യുമെന്ററി മാർച്ച് 26 ന് 10ന് പ്രദർശിപ്പിക്കും. ശേഷം ‘ഇന്ത്യയിലെ ഇൻവെസ്റ്റിഗറ്റീവ് ജേർണലിസം എങ്ങോട്ട്’ എന്ന വിഷയത്തിൽ സംവാദം നടക്കും.
പ്രമുഖ മാധ്യമപ്രവർത്തക അമ്മു ജോസഫിനെക്കുറിച്ച് കേരള മീഡിയ അക്കാദമി നിർമ്മിച്ച് ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനം ചെയ്യുന്ന ഡോക്യൂഫിക്ഷന്റെ സ്വിച്ച് ഓൺ കർമ്മം റവന്യൂ മന്ത്രി കെ. രാജൻ നിർവ്വഹിക്കും. തുടർന്ന് 12.30 മുതൽ വനിതാ ജേണലിസ്റ്റ് കോൺക്ലേവ് നടക്കും. മലയാള സിനിമ ജേർണലിസം, മാധ്യമഭാഷ; ശക്തി, ഭീകരത, വാർത്തയെഴുത്തിലെ ആക്ഷേപഹാസ്യം, വാണിജ്യവാർത്ത രചന തുടങ്ങിയ ചർച്ചകളും നടക്കും. 5 മണിക്ക് മീഡിയ ഫെസ്റ്റിവലിൽ നടത്തിയ മത്സരത്തിൽ വിജയിച്ച വിദ്യാർഥികൾക്കുള്ള സമ്മാനദാനം നടക്കും.
അമേരിക്കൻ മേധാവിത്വ പ്രദേശങ്ങൾക്ക് പുറത്തുളള രാജ്യങ്ങളിലേയും ഇന്ത്യയിലെ തെക്കൻ പ്രദേശത്തെയും ജനകീയ രാഷ്ട്രീയത്തെയും ജനപക്ഷബദൽ മാധ്യമത്തെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഗ്ലോബൽ മീഡിയ ഫെസ്റ്റിന്റെ ലക്ഷ്യം. തെന്നിന്ത്യൻ മാധ്യമപ്രവർത്തനത്തിനും ഗ്ലോബൽ സൗത്ത് എന്ന് അറിയപ്പെടുന്ന സൗത്ത് അമേരിക്കൻ, ഏഷ്യൻ, ആഫ്രിക്കൻ, ഓഷ്യാനിയൻ മേഖലകളിലെ മാധ്യമപ്രവർത്തനത്തിനും ഗ്ലോബൽ മീഡിയ ഫെസ്റ്റ് ഊന്നൽ നൽകും.