തടവില്‍ ഒതുങ്ങില്ല: രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയഭാവി തുലാസില്‍

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തില്‍. മാനനഷ്ടക്കേസില്‍ രണ്ട് വര്‍ഷം തടവ് എന്ന പരമാവധി ശിക്ഷാവിധി രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വത്തിനു ഭീഷണിയാവും. ഇനി മേല്‍ക്കോടതികളുടെ നിലപാടുകളെ ആശ്രയിച്ചായിരിക്കും രാഹുല്‍ ഗാന്ധിയുടെ പാര്‍ലിമെന്റ് അംഗത്വത്തിന്റെ ഭാവി.

വില്ലനാവുന്ന ജനപ്രാതിനിധ്യ നിയമം

രണ്ടു വര്‍ഷമോ അതിലേറെയോ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടാല്‍ പാര്‍ലമെന്റ് അംഗത്വം റദ്ദാവുമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ. കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധി സ്റ്റേ ചെയ്തില്ലെങ്കില്‍ രാഹുലിന്റെ എംപി സ്ഥാനം നഷ്ടമാവും. നിലവിലെ ചട്ടപ്രകാരം ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ ശിക്ഷ വിധിക്കുന്ന അന്നു മുതല്‍ അയോഗ്യരാവും. ബലാത്സംഗം, അഴിമതി തുടങ്ങിയ കുറ്റങ്ങള്‍ക്ക് ശിക്ഷാ കാലാവധി പരിഗണിക്കാതെ അയോഗ്യത ഉണ്ടാവും.2013 ജൂലൈ 13ന് സുപ്രീം കോടതി പരിഗണിച്ച ലില്ലി തോമസ്- ഇന്ത്യാ ഗവണ്‍മെന്റ് കേസിലാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷം തടവു വിധിച്ച കോടതി ഉത്തരവ് മേല്‍ക്കോടതികള്‍ അംഗീകരിച്ചാല്‍ രാഹുല്‍ ഗാന്ധിക്ക് ലോക്സഭാ അംഗത്വം നഷ്ടമാകാനുള്ള വഴിയൊരുങ്ങും.തല്‍ക്കാലികമായി വിധി സ്റ്റേ ചെയ്തതിനാല്‍ ഉടന്‍ രാഹുല്‍ ഗാന്ധി അയോഗ്യനാകില്ല. അപ്പീല്‍ പരിഗണിക്കുമ്പോള്‍ ഹൈക്കോടതി വിധി പൂര്‍ണമായി സ്റ്റേ ചെയ്തില്ലെങ്കിലും അയോഗ്യത നിലവില്‍ വരും. അതിനാല്‍ മേല്‍ക്കോടതികളുടെ നിലപാട് കേസില്‍ നിര്‍ണായകമാകും. ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെ വധശ്രമക്കേസില്‍ ശിക്ഷിച്ചതിനു പിന്നാലെ എം പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയിരുന്നു. തൊട്ടു പിന്നാലെ തിരഞ്ഞെടുപ്പു കമ്മിഷന്‍ അസാധാരണ വേഗത്തില്‍ ലക്ഷദ്വീപില്‍ ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. പിന്നീട് ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടയുകയായിരുന്നു.

കേസിന് പിന്നിലെ പരാമര്‍ശം

മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മാനനഷ്ടക്കേസ് നല്‍കിയത്. 2019ലെ ലോക്‌സഭക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ഇതിനെതിരെ ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയാണു കോടതിയെ സമീപിച്ചത്. ‘എല്ലാ കള്ളന്‍മാര്‍ക്കും മോദി എന്നു പേരുള്ളത് എന്തുകൊണ്ടാണ്’ എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. രാഹുലിന്റെ പരാമര്‍ശം മോദി എന്നു പേരുള്ള എല്ലാവരെയും അപമാനിക്കുന്നതിനു തുല്യമാണ് എന്നായിരുന്നു ആരോപണം. രാഹുല്‍ ഗാന്ധി കോടതിയിലെത്തിയിരുന്നു. 2021 ഒക്ടോബറിലാണ് രാഹുല്‍ ഗാന്ധി സൂറത്ത് കോടതിയില്‍ അവസാനമായി ഹാജരായത്.

കേസിനെ നിയമപരമായി നേരിടുമെന്ന് കോണ്‍ഗ്രസ്

കേസിനെ നിയമപരമായി നേരിടുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. അപ്പീല്‍ നടപടികള്‍ക്കുള്ള ആലോചന കോണ്‍ഗ്രസ് ആരംഭിച്ചുകഴിഞ്ഞു. മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ചചെയ്ത് അപ്പീല്‍ നല്‍കാനുള്ള ആലോചനയിലാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി പോരാടുമെന്നും വിജയിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. രാഹുല്‍ ഏകാധിപതിക്കെതിരെ ശബ്ദമുയര്‍ത്തുന്നു. തെറ്റിനെ തെറ്റ് എന്ന് പറയാനുള്ള ധൈര്യം കാണിക്കുന്നു. ഈ ധൈര്യത്തില്‍ ഏകാധിപതിക്ക് ഭയമാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ചിലപ്പോള്‍ ഇഡി അല്ലെങ്കില്‍ പൊലീസ്, അതുമല്ലെങ്കില്‍ കേസ്, വേറെ ചിലപ്പോള്‍ ശിക്ഷ എന്നിവ കൊണ്ട് ഭീഷണിപ്പെടുത്താനാണ് ശ്രമമെന്നും കോണ്‍ഗ്രസ് ചൂണ്ടാക്കാണിച്ചു.

Share
അഭിപ്രായം എഴുതാം