സുൽത്താൻ ബത്തേരി: അര കിലോ എംഡിഎംഎ ലഹരുമരുന്നുമായെത്തിയ മൂന്ന് യുവാക്കൾ പിടിയിൽ. കൊടുവള്ളി വാവാട് പുൽക്കുഴിയിൽ മുഹമ്മദ് മിദ് ലജ് (28), ബത്തേരി പള്ളിക്കണ്ടി സ്വദേശികളായ നടുവിൽ പീടികയിൽ ജാസിം അലി (26), പുതിയ വീട്ടിൽ അഫ്താഷ് (29) എന്നിവരെയാണ് അറസ്റ്റിലായത്. 2023 മാർച്ച് 21 ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു മൂവരും പിടിയിലായത്.
ബത്തേരി പൊലീസ് ഇൻസ്‌പെക്ടർ എം.എ. സന്തോഷിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം ദേശീയപാതയിൽ മുത്തങ്ങ ആർടിഒ ചെക്ക് പോസ്റ്റിനു സമീപം നടത്തിയ വാഹന പരിശോധനയിലാണ് കാറിൽ കടത്തുകയായിരുന്ന എംഡിഎംഎ പിടികൂടിയത്. ഒരു മില്ലിഗ്രാം എംഡിഎംഎ പിടികൂടിയാൽത്തന്നെ അത് അതീവഗുരുതര കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. ആർടിഒ ചെക്ക്പോസ്റ്റിലടക്കം വ്യാപക പരിശോധന നടത്തിയിരുന്നു. ജില്ലയിലെ ഏറ്റവും വലിയ ലഹരിമരുന്നു വേട്ടയാണ് ഇത്.

