കൊച്ചി കോർപ്പറേഷന് മുന്നിൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ നടത്തിയ പ്രസംഗത്തിനെതിരെ കലാപശ്രമത്തിന് കേസെടുത്തത് അൽപ്പത്തരമായിപ്പോയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. പൊലീസ് കേസെടുത്ത് വിരട്ടി മൂലയ്ക്കിരുത്താമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹമാണ്. രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ട് നേരിടാനുള്ള മാന്യതയും തന്റേടവുമാണ് മുഖ്യമന്ത്രി പുലർത്തേണ്ടത്. സമാന രീതിയിൽ കേസെടുത്തിരുന്നെങ്കിൽ മുഖ്യമന്ത്രിക്കെതിരെ എത്ര കേസുകൾ എടുക്കേണ്ടിവരുമായിരുന്നുവെന്നും സുധാകരൻ ചോദിച്ചു.
എന്നും ആനപ്പുറത്ത് ഇരിക്കാമെന്ന് മുഖ്യമന്ത്രി കരുതണ്ട. നിയമവാഴ്ചയെ അനുസരിച്ചാണ് ശീലം. എന്നുകരുതി നട്ടെല്ല് ആരുടെയും മുന്നിൽ പണയം വെച്ചിട്ടില്ല. തല ഉയർത്തി തന്നെയാണ് നാളിതുവരെ പൊതുപ്രവർത്തനം നടത്തിയത്. ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപ്പെട്ടതിന്റെ പേരിൽ കേസും കോടതിയും ഒരുപാട് കണ്ടും അതിനെ ധെെര്യത്തോടെ നേരിട്ടും തന്നെയാണ് ഇതുവരെയെത്തിയത്. പൊലീസ് കേസിന്റെ പേരിലോ ആരെയെങ്കിലും പേടിച്ചോ പിൻമാറിയ ചരിത്രം തന്റെ രാഷ്ട്രീയ ജീവിതത്തിലില്ല. ഇനിയത് ഉണ്ടാകുകയുമില്ലെന്നും സുധാകരൻ പറഞ്ഞു.
പിണറായി വിജയനോളം നിലവാരം താഴാൻ കേരളത്തിൽ മറ്റാർക്കും സാധ്യമല്ല. പൊതുപ്രവർത്തകന്റെ അന്തസിന് ചേരാത്ത വിധം പ്രതിയോഗികളെ വ്യക്തിഹത്യ ചെയ്യുന്ന നിരവധി പ്രയോഗങ്ങളിലൂടെ കേരള രാഷ്ട്രീയത്തെ മലീമസമാക്കിയ വ്യക്തിയാണ് പിണറായി വിജയൻ. മാന്യതയുടെ കുപ്പായം അണിഞ്ഞ് പുതിയ പിണറായി വിജയനാകാൻ എത്ര ശ്രമിച്ചാലും പഴയ പിണറായി വിജയന്റെ ഭൂതകാലം കൊഞ്ഞനം കുത്തിക്കൊണ്ടിരിക്കുമെന്നും സുധാകരൻ പറഞ്ഞു.

