കൊച്ചി: അമേരിക്കയിലെബാങ്കിങ് മേഖലയിലെ തകര്‍ച്ച ഇന്ത്യയെ ബാധിക്കില്ലെന്നും ഇന്ത്യന്‍ ബാങ്കുകള്‍ സുശക്തമായ നിലയിലാണെന്നും റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഫെഡറല്‍ ബാങ്ക് സ്ഥാപകന്‍ കെ.പി. ഹോര്‍മിസ് സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അമേരിക്കന്‍ ബാങ്കുകളിലുണ്ടായ തകര്‍ച്ച അവരുടെ ആഭ്യന്തര കാര്യമാണ്. അത് പരിഹരിക്കാന്‍ അവര്‍ക്കു കഴിയുമെന്നൂം ദാസ് പറഞ്ഞു.
കോവിഡ് കാലഘട്ടത്തില്‍ നിന്ന് ബാങ്കിങ് മേഖല കരകയറി വരികയാണ്. ഇക്കാലത്ത് കൂടുതല്‍ നിക്ഷേപം നേടി ഇന്ത്യന്‍ ബാങ്കുകള്‍ അടിത്തറ സുശക്തമാക്കിയത് നേട്ടമായി കരുതാം. പല രാജ്യങ്ങളുടെയും ആഭ്യന്തര വളര്‍ച്ച പിന്നോട്ടുപോയത് രാജ്യാന്തര തലത്തിലുണ്ടായ തിരിച്ചടികള്‍ മൂലമാണ്. കോവിഡും യുക്രൈയ്ന്‍ യുദ്ധവും വിവിധ രാജ്യങ്ങളുടെ സാമ്പത്തിക വ്യവസ്ഥയെബാധിച്ചപ്പോഴും ഇന്ത്യ ശക്തമായി നിലകൊള്ളുകയായിരുന്നു. പണപ്പെരുപ്പംമൂലം ലോകസമ്പദ്ഘടന വലിയ തിരിച്ചടികള്‍ നേരിടുകയാണ്. നിലവില്‍ ലോകമെമ്പാടും സാമ്പത്തിക മാന്ദ്യം നേരിടുന്നുണ്ടെന്നതാണ് വസ്തുത. എന്നാല്‍, അത് കടുപ്പത്തിലാകുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ പ്രതിസന്ധിയിലും ഇന്ത്യയുടെ വളര്‍ച്ച ഏഴുശതമാനമായിരിക്കുമെന്നും ഇത് അഭിമാനകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. കരുതല്‍ ധനത്തിന്റെ കാര്യത്തില്‍ ഇന്ത്യ അഞ്ചാംസ്ഥാനത്താണെന്നത് മഹത്തരമായ കാര്യമാണ്. സമ്പദ്വ്യവസ്ഥ ശക്തമാണെന്നതിന് മറ്റൊരു ഉദാഹരണം ചൂണ്ടിക്കാണിക്കാനില്ലെന്നും ദാസ് പറഞ്ഞു.
ബാങ്കിങ് മേഖലയുടെ പ്രവര്‍ത്തനം കാലത്തിനൊത്ത് മാറിവരികയാണ്. വിരല്‍ത്തുമ്പിലേക്ക് ബാങ്ക് ചുരുങ്ങിക്കഴിഞ്ഞു. ഡിജിറ്റല്‍ ബാങ്കിങും അതിലെ സുരക്ഷയും കൂടുതല്‍ ശക്തിയാര്‍ജിച്ചുകഴിഞ്ഞു. സാധാരണക്കാരിലേക്കും പാവപ്പെട്ടവരിലേക്കും ഡിജിറ്റല്‍ ഇടപാടുകള്‍ വ്യാപിപ്പിക്കാന്‍ ബാങ്കുകള്‍ ശ്രദ്ധചെലുത്തിവരുന്ന കാലമാണ്. ബാങ്ക് തട്ടിപ്പുകള്‍ തടയാനായി നിയമങ്ങളും മാറ്റേണ്ടതായിട്ടുണ്ട്. ഇന്ത്യയില്‍ വരാനിരിക്കുന്ന ജി20 ഉച്ചകോടി രാജ്യത്തിന് നേട്ടമാകും. വിവിധ രാജ്യങ്ങളുമായി സാങ്കേതിക സഹകരണം വിപുലപ്പെടുത്താന്‍ ഇത് അവസരമാകും.
ബാങ്കിങ് മേഖലയിലൂം സമ്പദ്ഘടനയിലും എപ്പോഴും നല്ലതുമാത്രം പ്രതീക്ഷിക്കാതെ ഭാവിയില്‍ വരാനിടയുള്ള പിഴവുകള്‍ നേരിടാനും സജ്ജമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം വെല്ലുവിളിയാണെന്നും അതുനേരിടാന്‍ സജ്ജമാകണമെന്നൂം അദ്ദേഹം ഓര്‍മിപ്പിച്ചു. ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍ ബാലഗോപാല്‍, എം.ഡി. ശ്യാം ശ്രീനിവാസന്‍ എന്നിവരും പങ്കെടുത്തു.