യുഎഇയിൽ ജോലി ചെയ്യുന്ന കമ്പനിയിൽ നിന്ന് പണം അപഹരിച്ച പ്രവാസിക്ക് ജയിൽ ശിക്ഷ

ദുബൈ: യുഎഇയിൽ ജോലി ചെയ്യുന്ന കമ്പനിയിൽ നിന്ന് 4,19,000 ദിർഹം (94 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) അപഹരിച്ച സംഭവത്തിൽ പ്രവാസിക്ക് ആറ് മാസം ജയിൽ ശിക്ഷ വിധിച്ചു. 2022ലാണ് കേസിന് ആധാരമായ തട്ടിപ്പ് പുറത്തുവന്നത്. ഒരു ഫുഡ് ട്രേഡിങ് കമ്പനിയിൽ പത്ത് വർഷത്തിലധികമായി ജോലി ചെയ്യുന്ന സെയിൽ‍സ് എക്സിക്യൂട്ടീവാണ് പണം അപഹരിച്ചതിന് പിടിയിലായത്.

സാധനങ്ങൾ വിതരണം ചെയ്യുന്ന ഒരു ഉപഭോക്താവിൽ നിന്ന് സെയിൽ റെപ്രസന്റേറ്റീവ് കൈപ്പറ്റിയ പണം കമ്പനിയിൽ എത്തിക്കാതെ തട്ടിയെടുക്കുകയായിരുന്നു. കമ്പനിയിലെ അക്കൗണ്ടന്റ് വാർഷിക കണക്കുകൾ പരിശോധിച്ചപ്പോൾ അതിൽ 4,19,000 ദിർഹത്തിന്റെ കുറവ് കണ്ടെത്തി. ഇത് വിശദമായി പരിശോധിച്ചപ്പോഴാണ് 2006 മുതൽ കമ്പനിയിൽ ജോലി ചെയ്യുന്ന ഒരു ജീവനക്കാരനാണ് പണം അപഹരിച്ചതെന്ന് മനസിലായി. എന്നാൽ ഇയാളോട് കാര്യം അന്വേഷിച്ചപ്പോൾ നിഷേധിക്കുകയായിരുന്നു. ഇതോടെ കമ്പനി അധികൃതർ പൊലീസിൽ പരാതി നൽകി.

പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ പണം തട്ടിയെടുത്തതായി കണ്ടെത്തി. ഒരു ഉപഭോക്താവിന് ഭക്ഷ്യ എണ്ണ വിതരണം ചെയ്‍തതിന്റെ പണം അവിടെ നിന്ന് വാങ്ങിയെങ്കിലും തുക കമ്പനിയിൽ എത്തിയിട്ടില്ലെന്ന് കണ്ടെത്തി. എന്നാൽ ഈ പണം ഇയാൾ ഉപഭോക്താവിൽ നിന്ന് സ്വീകരിച്ചതിന് തെളിവുണ്ടായിരുന്നു. ഒപ്പിട്ട് നൽകിയ റസിപ്റ്റ് അടക്കമുള്ള തെളിവുകളും കിട്ടി. തെളിവുകൾ വിശദമായി പരിശോധിച്ച കോടതി, ഇയാൾ പണം മോഷ്ടിച്ചുവെന്ന് കണ്ടെത്തി. തുടർന്ന് ആറ് മാസം ജയിൽ ശിക്ഷയും അതിന് ശേഷം നാടുകടത്താനും കോടതി വിധി പ്രസ്‍താവിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →