തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ദുരൂഹ വാഹനാപകട മരണക്കേസില്‍ വിചാരണ തുടങ്ങി. പോലീസില്‍ വിവരമറിയിച്ച ഒന്നാം സാക്ഷിയെ വിസ്തരിച്ചു. വിചാരണക്കോടതിയായ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കെ. വിദ്യാധരന് മുമ്പാകെയാണ് സാക്ഷി വിസ്താര വിചാരണ ആരംഭിച്ചത്. രണ്ടാം സാക്ഷി 14 നും മൂന്നാം സാക്ഷി 17 നും ഹാജരാകാനും കോടതി ഉത്തരവിട്ടു.
പ്രതിയായ കാര്‍ ഡ്രൈവര്‍ അര്ജുന്. കെ. നാരായണനുമേല്‍ അശ്രദ്ധയോടെ വാഹനമോടിച്ചു മരണത്തിനു കാരണമായെന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 304 (എ) കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കൊലപാതക സാധ്യതകള്‍ കോടതി തള്ളിയിരുന്നു.
കേസില്‍ തുടരന്വേഷണം ആവശ്യമില്ലെന്നു വ്യക്തമാക്കിയ കോടതി ജൂലൈ 27 ന് പ്രതിക്കുമേല്‍ കുറ്റം ചുമത്താന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടരന്വേഷണം ആവശ്യപ്പെട്ടു ബാലഭാസ്കറിന്റെ പിതാവ് ഉണ്ണിയും മാതാവ് ശാന്തകുമാരിയും കലാഭവന്‍ സോബിയും സി.ജെ.എം. കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിക്കെതിരേ സി.ബി.ഐ. സമര്‍പ്പിച്ച കൗണ്ടര്‍ ആക്ഷേപം സ്വീകരിച്ചാണ് തലസ്ഥാനത്തെ വിചാരണ കോടതി ഉത്തരവ്. അപകടമരണമാണെന്ന സി.ബി.ഐയുടെ വാദവും കോടതി അംഗീകരിച്ചു.

