തിരുവനന്തപുരം: കന്യാകുമാരിയിൽ സ്ത്രീയെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് ശശി, വിനോദ്, വിജയകാന്ത് എന്നീ മൂന്ന് ഓട്ടോ ഡ്രൈവർമാരെ പൊലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരിയിൽ മേൽപ്പുറം എന്ന സ്ഥലത്ത് 2023 മാർച്ച് 8 നാണ് സംഭവം. 35 വയസ്സുള്ള സ്ത്രീയെയാണ് ഓട്ടോ ഡ്രൈവർമാർ പൊതുജന മദ്ധ്യത്തിൽ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചത്. ഈ സ്ത്രീ പോകുന്ന സമയത്ത് ഈ ഡ്രൈവർമാർ സ്ഥിരമായി ശല്യം ചെയ്യുമായിരുന്നു. ഇവർ ക്രിമിനൽ കേസിലെ പ്രതികളാണ്.
ശല്യം സഹിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സ്ത്രീ ഇവർക്ക് നേരെ മുളകുപൊടി വിതറുകയായിരുന്നു. ഇതിൽ പ്രകോപിതരായാണ് സ്ത്രീയെ ഇവർ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചത്. ഈ സ്ത്രീയെ സഹായിക്കാൻ ആരും മുന്നോട്ട് വന്നില്ല. സമൂഹമാധ്യമങ്ങളിൽ ചിത്രം കണ്ടാണ് ജില്ലാ എസ്പി സംഭവത്തിൽ ഇടപെട്ടത്.
തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയുണ്ടായി. ദീപൻ, അരവിന്ദ് എന്നിവരെ പിടി കൂടാനുണ്ട്. ഇവർ ഗുണ്ടാപ്പട്ടികയിൽ പെട്ടവരാണെന്ന് പൊലീസ് പറയുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് കന്യാകുമാരി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

