‘മകൾ പിറക്കട്ടെ, അവൾ പഠിക്കട്ടെ’ ബോധവത്ക്കരണ കലായാത്ര സംഘടിപ്പിച്ചു

ജില്ലാ ഭരണകൂടത്തിന്റേയും ജില്ലാ മെഡിക്കൽ ഓഫീസി(ആരോഗ്യം)ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ  നടത്തുന്ന “ബേട്ടീ ബച്ചാവോ ബേട്ടീ പഠാവോ” (മകൾ പിറക്കട്ടെ, അവൾ പഠിക്കട്ടെ) പദ്ധതിയുടെ പ്രചരണാർത്ഥം വേലൂർ പുനർജ്ജനി-ജീവജ്വാല കലാസമിതി ബോധവത്ക്കരണ കലായാത്രയും രാത്രി നടത്തവും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ചു.  

വാടാനപ്പിള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ കീഴിലുള്ള ചേറ്റുവ, വാടാനപ്പിള്ളി, തൃപ്രയാർ, കഴിമ്പ്രം ബീച്ച് എന്നിവിടങ്ങളിൽ കലായാത്ര സംഘടിപ്പിച്ചു. തുടർന്ന് തോളൂർ, പഴഞ്ഞി സാമൂഹികാരോഗ്യകേന്ദ്രങ്ങളുടെ കീഴിൽ വിവിധ സ്ഥലങ്ങളിലും കലായാത്രയും ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി സിറ്റി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രതിഭ, ഷിജി, ഷീജ എന്നിവരുടെ നേതൃത്വത്തിൽ വനിത ആരോഗ്യ പ്രവർത്തകർക്കും കോളേജ് വിദ്യാർത്ഥികൾക്കും സ്വയം പ്രതിരോധ പരിശീലനം നൽകി. ജില്ലാ ആർസിഎച്ച്  ഓഫീസർ ഡോ. ജയന്തി പെൺഭ്രൂണഹത്യ തടയുന്നതുമായി ബന്ധപ്പെട്ട പിസിപിഎൻഡിടി നിയമം ക്കുറിച്ചുള്ള ബോധവത്ക്കരണക്ലാസ്സ്  നയിച്ചു. തൃശൂർ റൂറൽ എസ് പി ഐശ്വര്യ ദോങ്ങ്രെ വനിതാദിന സന്ദേശം നൽകി. വടക്കുംനാഥക്ഷേത്ര മൈതാനം തെക്കേഗോപുര നടക്കു സമീപം ആരോഗ്യപ്രവർത്തകർ കലാപരിപാടികൾ അവതരിപ്പിച്ചു. തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, ഡിവിഷൻ കൗൺസിലർമാരായ റെജി ജോയ്, പൂർണ്ണിമ സുരേഷ് എന്നിവർ സംസാരിച്ചു.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി പി ശ്രീദേവി അധ്യക്ഷയായി. ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ ടി എ ഹരിതാ ദേവി സംസാരിച്ചു. അന്താരാഷ്ട്ര വനിതാദിനത്തിൽ ജില്ലയിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ജനിച്ച പെൺകുഞ്ഞുങ്ങൾക്ക് ബേബി കിറ്റും മെമെന്റോയും സമ്മാനമായി നൽകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →