ന്യൂയോര്‍ക്ക്: ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്ആാപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റ കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടും. ഈയാഴ്ചതന്നെ രണ്ടാം ഘട്ട പിരിച്ചുവിടല്‍ ഉണ്ടാകുമെന്നാണു സൂചന. കഴിഞ്ഞ നവംബറില്‍ 13 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. 11,000ത്തോളം ജീവനക്കാര്‍ക്കാണ് അന്ന് ജോലി നഷ്ടപ്പെട്ടത്. പുറത്താക്കേണ്ട ജീവനക്കാരുടെ പട്ടിക കൈമാറാന്‍ ഡയറക്ടര്‍മാര്‍ക്കും വൈസ് പ്രസിഡന്റുമാര്‍ക്കും മെറ്റ നിര്‍ദേശം നല്‍കിയതായാണു ബ്ല്യൂംബര്ഗ് റിപ്പോര്‍ട്ട്. വെര്‍ച്വല്‍ റിയാല്‍റ്റി പ്ലാറ്റ്ഫോമിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായികൂടിയാണു പിരിച്ചുവിടല്‍.
നവംബറിലെ പിരിച്ചുവിടലിനു പിന്നാലെ പുതിയ നിയമനങ്ങളും മരവിപ്പിച്ചിരുന്നു. ജോലിയില്‍ പ്രവേശിക്കാനിരുന്നവര്‍ക്ക് അയച്ച ജോബ് ഓഫറുകളും മെറ്റ പിന്‍വലിച്ചു.
2004ല്‍ കമ്പനി ആരംഭിച്ചശേഷമുള്ള ഏറ്റവും വലിയ പിരിച്ചുവിടല്‍ പരമ്പരയാണിപ്പോള്‍ നടക്കുന്നത്. ഈ വര്‍ഷം പ്രവര്‍ത്തനക്ഷമത കൂട്ടാനുള്ള വര്‍ഷമായിട്ടാണു സി.ഇ.ഒ. മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചിരിക്കുന്നത്.

