മലപ്പുറം: മലപ്പുറം സെൻട്രൽ പൊലീസ് കാന്റീനിൽ സ്റ്റൂൾ ചവിട്ടിത്തെറിപ്പിച്ച് കരാർ ജീവനക്കാരിയുടെ കാലിൽ പരിക്കേൽപ്പിച്ച എംഎസ്പി അസിസ്റ്റന്റ് കമാൻഡിനെതിരെ പൊലീസ് കേസ്.എംഎസ് പി അസിസ്റ്റന്റ് കമാൻഡന്റ് റോയ് റോജേഴ്സിന് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്.2022 നവംബർ 5 നാണ് കേസിനാസ്പദമായ സംഭവം.
പൊലീസ് കാന്റീനിലേയ്ക്ക് കൊണ്ടു വന്ന സാധനങ്ങൾ ഇറക്കിവെച്ച് വിശ്രമിക്കുകയായിരുന്നു ജീവനക്കാർ. അവിടേയ്ക്ക് കടന്നു വന്ന എംഎസ്പി അസിസ്റ്റന്റ് കമാൻഡന്റ് റോയ് റോജേഴ്‌സ് എല്ലാവരെയും അസഭ്യം വിളിച്ച് സ്റ്റൂൾ ചവിട്ടി തെറിപ്പിക്കുകയായിരുന്നെന്നാണ് പരാതി. സ്റ്റൂൾ ചെന്ന് തട്ടിയത് സെയിൽസ് ഗേൾ ആയി ജോലി നോക്കുന്ന ബിന്ദുവിന്റെ കാലിലാണ്. കാലിന്റെ ഞരമ്പിന് പരിക്കേറ്റ് പരുവമണ്ണ സ്വദേശി ബിന്ദു സുരേന്ദ്രന് ജോലിക്ക് പോകാൻ പോലും കഴിയാത്ത സ്ഥിതിയിലാണ്.
സ്റ്റൂൾ ഒറ്റ അടിയാണ് സാറ്, ആ അടിച്ചത് എന്റെ കാലിന്റെ മുട്ടിന്റെ മേലെ വന്ന് കൊണ്ടു. വേദന കൊണ്ട് നടക്കാൻ പോലും പറ്റാതെ സാധനങ്ങൾ നിരത്തി വച്ചിരിക്കുന്നതിനിടയിൽ വീഴാൻ പോയി. ഇതിനിടയിൽ സാർ കേറി മുകളിലോട്ട് പോയി. അന്ന് സംഭവിച്ചതിനെ ബിന്ദു ഓർമ്മിക്കുന്നു. കാലിലെ ഞരമ്പിനേറ്റ തകരാറ് നടുവിന്റെ ഡിസ്ക് തകരാറിലേക്കും നീണ്ടും. ഇതോടെ കുനിയാൻ പോയിട്ട് നടക്കാൻ പോലും സാധിക്കാത്ത സ്ഥിതിയായി ബിന്ദുവിന്.
പിന്നീട് ഒത്തുതീർപ്പ് ശ്രമം ആരംഭിച്ചു. എന്നാൽ അന്ന് ഉറപ്പ് നൽകിയ സാമ്പത്തിക സഹായങ്ങളൊന്നും ലഭിച്ചില്ലെന്ന് ബിന്ദു പറയുന്നു. കാലിന്റെ ഞെരമ്പിനേറ്റ പരിക്ക് നാലു മാസം കഴിഞ്ഞപ്പോൾ കൂടുതൽ ഗുരുതരമായി. ഇതോടെയാണ് ബിന്ദു സുരേന്ദ്രൻ പരാതിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്. എംഎസ്പി അസിസ്റ്റന്റ് കമാൻഡന്റ് റോയ് റോജേഴ്‌സിനെതിരെ മലപ്പുറം പൊലീസ് കേസെടുത്തു. അസഭ്യം പറയൽ, ഏതെങ്കിലും വസ്തുകൊണ്ട് പരിക്കേൽപ്പിക്കൽ തുടങ്ങിയ സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥൻ അവധിയിൽ പോയിരിക്കുകയാണ്.