ഉന്നതവിദ്യാഭ്യാസമേഖലയെ അലങ്കോലമാക്കിയ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കേരളം മാപ്പുനൽകില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ

തിരുവനന്തപുരം: കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണ്ണറും ചേർന്ന് തകർത്തെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. എല്ലായിടത്തും അനധികൃത നിയമനങ്ങളും അഴിമതിയും കൊടികുത്തി വാഴുന്നു. സർവ്വകലാശാലകളിൽ വിസിമാരും കോളേജുകളിൽ പ്രിൻസിപ്പൽമാരുമില്ലാത്ത ഈജിയൻ തൊഴുത്താക്കി. സിപിഎമ്മിനു താല്പര്യമുള്ള കുഴിയാനകളെ സർവ്വകലാശാല കളിൽ വിസിമാരായും സർക്കാർ കോളേജുകളിൽ പ്രിൻസിപ്പൽമാരായും നിയമിക്കാനാകാത്തതുകൊണ്ട് സംസ്ഥാനത്തെ സർവകലാശാലകളും സർക്കാർ കോളേജുകളും സംഘർഷഭരിതമായെന്നും സുധാകരൻ കുറ്റപ്പടുത്തി.

പതിനായിരക്കണക്കിന് കുട്ടികൾ കേരളത്തിൽനിന്ന് ലക്ഷക്കണക്കിനു രൂപയുടെ ബാങ്ക് വായ്പയും തലയിലേറ്റി പലായനം ചെയ്യുന്നത് ഉന്നതവിദ്യാഭ്യാസമേഖലയിലെ രാഷ്ട്രീയവത്കരണത്തിൽ മനംമടുത്താണ്. സിപിഎമ്മിന്റെ അധ്യാപക-അനധ്യാപക സംഘടനകളുടെ സമ്മർദ്ദത്തിന് കീഴടങ്ങിയ ഉന്നത വിദ്യാഭ്യാസമന്ത്രി ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ലെന്നു തെളിയിച്ചുകഴിഞ്ഞു. മുഖ്യമന്ത്രിയും ഗവർണറും ഈ തകർച്ചയിലെ കൂട്ടുപ്രതികളാണെന്നും സുധാകരൻ പറഞ്ഞു.

സംസ്ഥാനത്തെ 14 സർവകലാശാലകളും ഇപ്പോൾ കടുത്ത പ്രതിസന്ധിയിലാണ്. കേരള, കെടിയു, കാർഷിക, ഫിഷറീസ്, കലാമണ്ഡലം, നിയമ, സർവ്വകലാശാലകളിൽ വൈസ് ചാൻസലർമാരില്ലാതായിട്ട് മാസങ്ങളായി. മലയാളം സർവ്വകലാശാലാ വിസി 2023 ഫെബ്രുവരി 28ന് വിരമിച്ചപ്പോൾ കുസാറ്റ്, എംജി, സർവ്വകലാശാല വിസിമാർ ഉടനേ വിരമിക്കും. സ്വന്തം നിയമനത്തിൽ ആക്ഷേപം കേട്ട കണ്ണൂർ സർവ്വകലാശാല വിസിയുടെ പുനർനിയമനം സംബന്ധിച്ച അപ്പീൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കാലിക്കറ്റ്, സംസ്‌കൃത, ഓപ്പൺ ഡിജിറ്റൽ സർവകലാശാല വിസിമാർക്ക് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്.

കാർഷിക സർവ്വകലാശാലയിൽ യുജിസി വ്യവസ്ഥ ലംഘിച്ച് ഉന്നത സർക്കാർ ഉദ്യോഗസ്ഥനെ സർക്കാർ നേരിട്ട് നിയമിച്ചത് വിവാദത്തിലായി. സാങ്കേതിക സർവകലാശാലയിൽ ഡോ. സിസാ തോമസിന്റെ നിയമനവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റിലേക്കുള്ള നോമിനേഷൻ നടത്താനുള്ള ഗവർണറുടെ അധികാരത്തിന് സമാന്തരമായി നിയമസഭയിൽ ബില്ല് കൊണ്ടുവരാനുള്ള നീക്കം ഗവർണർ അനുവദിക്കാത്തതും ഗവർണറും സർക്കാരും തമ്മിലുള്ള അടി മൂർച്ഛിക്കാൻ ഇടയായി.

വിസിമാരെ നിയമിക്കുന്നതിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് യൂണിവേഴ്‌സിറ്റി പ്രതിനിധികളെ നൽകുന്നത് സിപിഎം വിലക്കിയത് കൊണ്ട് ഗവർണർക്ക് സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ കഴിയുന്നില്ല.മലയാളം സർവകലാശാലയിലാകട്ടെ ഗവർണറുടെ ഓഫീസിനു സമാന്തരമായി മന്ത്രിയുടെ നിർദ്ദേശപ്രകാരം ഉന്നതവിദ്യാഭ്യാസ വകുപ്പ് നേരിട്ട് കമ്മിറ്റി രൂപീകരിക്കുവാനുള്ള നടപടികൾ ആരംഭിച്ചത് പ്രശ്‌നം കൂടുതൽ സങ്കീർണമാക്കി. സെർച്ച് കമ്മിറ്റി രൂപീകരിക്കുവാൻ സർക്കാരിന് അധികാരമില്ലെന്ന വിവരം മന്ത്രിയെ ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടും കമ്മിറ്റി രൂപീകരിക്കുവാനുള്ള നടപടിയുമായി മുന്നോട്ടു പോകുവാൻ മന്ത്രി ഉത്തരവിട്ടിരിക്കുകയാണ്.

സേർച്ച് കമ്മിറ്റി രൂപീകരിക്കാൻ തങ്ങൾക്കാണ് അവകാശമെന്ന പുതിയൊരു വാദവുമായി സർക്കാർ രംഗത്തിറങ്ങിയിട്ടുണ്ട്. വിസി മാരുടെ നിയമനാധികാരി ഗവർണർ ആയതുകൊണ്ട് സേർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അവകാശം ഗവർണർക്കാണെന്നാണ് രാജ്ഭവന്റെ നിലപാട്. വർഷങ്ങളായി തുടർന്നുവരുന്ന കീഴ്‌വഴക്കം അട്ടിമറിക്കുന്നത് ഗവർണർ സ്ഥാനം ഒഴിയുന്നതുവരെ വിസി നിയമനങ്ങൾ നീട്ടിക്കൊണ്ടുപോകാനാണ്.

സർക്കാർ കോളേജുകളിൽ സ്ഥിരം പ്രിൻസിപ്പൽമാർ ഇല്ലാതായിട്ട് വർഷങ്ങളായി. തുടർന്ന് 43 പ്രിൻസിപ്പൽമാരെ നിയമിക്കുവാനുള്ള പട്ടികയ്ക്ക് ആറുമാസം മുൻപ് പി.എസ്.സി അംഗീകാരം നൽകി. എന്നാൽ, ഇടത് അധ്യാപക സംഘടനാനേതാക്കൾ ഇല്ലാത്തതുകൊണ്ട് പട്ടികയ്ക്ക് മന്ത്രി അംഗീകാരം നൽകിയില്ല. 66 ഗവൺമെന്റ് കോളേജിലും ഇപ്പോൾ സീനിയർ അധ്യാപകർക്ക് പ്രിൻസിപ്പൽമാരുടെ ചുമതല നൽകിയിരിക്കുകയാണ്.

പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനങ്ങളുമെല്ലാം വൈകുന്നതുമൂലം മനംമടുത്ത വിദ്യാർത്ഥികൾ പ്രവേശനം തേടി കേരളത്തിനു പുറത്തുള്ള അന്യ യൂണിവേഴ്‌സിറ്റികളിലേയ്ക്ക് പലായനം ചെയ്യുന്നു. ഉന്നതവിദ്യാഭ്യാസമേഖലയെ അലങ്കോലമാക്കിയ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കേരളം മാപ്പുനല്കില്ലെന്നു സുധാകരൻ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →