മേഘാ ട്രോപിക്‌സ് തിരിച്ചിറക്കി ഐ.എസ്.ആര്‍.ഒയ്ക്കു നേട്ടം

ബംഗളൂരു: 12 വര്‍ഷം മുമ്പ് വിക്ഷേപിച്ച ഉപഗ്രഹത്തെ വിജയകരമായി ഭൂമിയില്‍ തിരിച്ചിറക്കി ഐ.എസ്.ആര്‍.ഒ. മേഘാ ട്രോപിക്‌സ്-1 എന്ന കാലാവസ്ഥാപഠന ഉപഗ്രഹമാണ് ഇന്നലെ വൈകിട്ട് പസഫിക് സമുദ്രത്തിനു മുകളില്‍ കത്തിയമര്‍ന്നത്.
പെറുവിന്റെ തലസ്ഥാനമായ ലിമയില്‍നിന്ന് ഏകദേശം 3800 കിലോമീറ്റര്‍ അകലെയാണ് ഉപഗ്രഹത്തിന്റെ അവശിഷ്ടങ്ങള്‍ പതിച്ചത്. ദൗത്യം വിജയമാണെന്ന് ഐ.എസ്.ആര്‍.ഒ. അറിയിച്ചു. ഏറെ വെല്ലുവിളി നിറഞ്ഞ ദൗത്യമാണ് വിജയകരമായി പൂര്‍ത്തിയായത്.

2011 ഒക്‌ടോബര്‍ 12നാണു മേഘാ ട്രോപിക്‌സ്-1 എന്ന കാലാവസ്ഥാപഠന ഉപഗ്രഹം വിക്ഷേപിച്ചത്. മൂന്ന് വര്‍ഷത്തെ കാലാവധിയാണ് അന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍, 2021 വരെ സേവനം ലഭിച്ചു. ദൗത്യം പൂര്‍ണമായതോടെയാണു ഉപഗ്രഹം തിരിച്ചിറക്കാനുള്ള തീരുമാനമുണ്ടായത്. ഇതേത്തുടര്‍ന്ന് 2022 ഓഗസ്റ്റ് മുതല്‍ 18 തവണ ഭ്രമണപഥത്തില്‍ മാറ്റമുണ്ടായി. ഉപഗ്രഹത്തില്‍ 125 കിലോഗ്രാം ഇന്ധനം ബാക്കിയുണ്ടായിരുന്നു. 870 കിലോമീറ്റര്‍ ഭ്രമണപഥത്തിലുള്ള ഉപഗ്രഹം 300 കിലോമീറ്റര്‍ ഭ്രമണപഥത്തിലേക്കു താഴ്ത്തിയശേഷം പലതവണ ഭൂമിയെച്ചുറ്റി ഇന്ധനത്തിന്റെ അളവ് കുറച്ചാണ് തിരിച്ചിറക്കിയത്. ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോള്‍ 1000 കിലോ ഭാരമാണ് ഉപഗ്രഹത്തിനുണ്ടായിരുന്നത്. അന്തരീക്ഷവുമായുള്ള ഘര്‍ഷണത്തെ തുടര്‍ന്ന് ഉപഗ്രഹം കത്തിനശിച്ചു.
ഭൂമിയില്‍നിന്ന് 867 കിലോമീറ്റര്‍ അകലെയായിരുന്നു ഉപഗ്രഹം. ഭൂമിയില്‍ പതിപ്പിച്ചില്ലായിരുന്നെങ്കില്‍ 100 വര്‍ഷം കൂടി ബഹിരാകാശത്ത് തുടരാന്‍ ഉപഗ്രഹത്തിനു കഴിയുമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →