ബംഗളുരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിവാഹം കഴിക്കാത്തത് കുട്ടികള്‍ ഉണ്ടാകാത്തതിനാലാണെന്നു കര്‍ണാടക ബി.ജെ.പി. അധ്യക്ഷന്‍ നളിന്‍കുമാര്‍ കട്ടീല്‍. നളിന്‍കുമാറിന്റെ വിവാദ പരാമര്‍ശം ഉള്‍പ്പെടുന്ന പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ”രാഹുല്‍ ഗാന്ധി എന്താണ് പറഞ്ഞത്? കോവിഡ് വാക്‌സീന്‍ സ്വീകരിക്കരുതെന്നും സ്വീകരിച്ചാല്‍ കുട്ടികള്‍ ഉണ്ടാകില്ലെന്നും സിദ്ധരാമണ്ണയും രാഹുല്‍ ഗാന്ധിയും പറഞ്ഞു. പക്ഷേ, അവര്‍ രാത്രിയില്‍ രഹസ്യമായി കോവിഡ് വാക്‌സീന്‍ സ്വീകരിക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധി വിവാഹം കഴിക്കാത്തതിന്റെ കാരണം ഇതാണെന്നു മഞ്ജുനാഥ് എം.എല്‍.സി. കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതായത് വിവാഹം കഴിച്ചാലും കുട്ടികളുണ്ടാകില്ല” – ഇതായിരുന്നു പ്രസംഗത്തിലെ പരാമര്‍ശം.
ബി.ജെ.പി നേതാവിനു ഗുരുതരമായ മാനസിക പ്രശ്‌നമുണ്ടെന്നു കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക് ഖര്‍ഗെ ട്വിറ്ററില്‍ കുറിച്ചു. പ്രസ്താവനയോട് യോജിപ്പില്ലെന്നു ബി.ജെ.പി നേതാവും കര്‍ണാടക ആരോഗ്യമന്ത്രിയുമായ കെ. സുധാകര്‍ വ്യക്തമാക്കി.

