സ്ത്രീ ശക്തയാണ്, ആകർഷണീയതയുളളവളാണ്, ചിന്താനിമഗ്നരാണ്.
അതെ …
കഷ്ട നഷ്ടങ്ങളിൽ നിന്ന് ശക്തിയാർജ്ജിച്ച് പ്രാർത്ഥന കളിലൂടെയും, പുഞ്ചിരി യിലൂടെയും, പ്രത്യാശയിലൂടെയും ഏത് പ്രതിസന്ധികളെയും തരണം ചെയ്യാൻ ഒരു സ്ത്രീക്ക് സാധിച്ചിരിക്കും. ശക്തയായ ഒരു സ്ത്രീ ശരിയെന്ന് തോന്നുന്ന ഏത് കാര്യത്തിനുവേണ്ടിയും ശബ്ദമുയർത്തിയിരിക്കും.
സ്ത്രീ അപലയാണ്, ചപലയാണ് എന്ന് വിളിച്ചോതിയ കാലത്തോട് വിട പറയേണ്ടിയിരിക്കുന്നു. ചരിത്രത്തിലെ ഇടനാഴിയിൽ കനൽ കൊണ്ട് പേര് കൊത്തിയ പെൺമയോളം കരുത്ത് മറ്റൊന്നിനുമില്ല. കുടുംബത്തിൽ കത്തിജ്വലിക്കുന്ന പ്രകാശമായി മാറാനും, പുരുഷന്റ ജീവിതത്തിൽ വഴികാട്ടിയാവാനും കുഞ്ഞു പൈതങ്ങൾക്ക് മുലപ്പാലിന്റെ ശക്തിപകരാനും നിനക്കേ സാധിക്കൂ.
കാലം കാത്തുവെച്ച നാൾ വഴിയിലൂടെ നീ മുന്നേറുമ്പോൾ നിന്നിലെ സ്വപ്നങ്ങൾക്ക് ചിറകു മുളക്കട്ടെ. അന്ധകാരത്തിന്റെ അകത്തളങ്ങളിൽ നിന്ന് നീ നിന്റെ മനസ്സിനെ കെട്ടഴിച്ച് വിടൂ …. അത് സ്വതന്ത്രമായി പാറിപ്പറക്കട്ടെ.
സ്നേഹവും വാത്സല്യവും നിറഞ്ഞുതുളുമ്പുന്ന നിന്നിലെ ആത്മവിശ്വാസത്തെ നീ പ്രതിസന്ധിഘട്ടങ്ങളിൽ ചേർത്തു നിർത്തുക. ലോക ജനത ഒന്നടങ്കം നിന്നിലെ സ്ത്രീയെ ബഹുമാനിക്കാനും സ്നേഹിക്കാനും ആദരിക്കാനും തെരഞ്ഞെടുത്ത ഈ ദിവസത്തെ നിന്റെ അഭിമാന ദിനമായി കാണുക. ഈ ദിവസം നിന്റെ ജീവിതത്തിലെ ഒരായിരം വർണ്ണങ്ങളുടെ ദിവസമായി മാറ്റുക.
പ്രിയപ്പെട്ടവരുടെ സന്തോഷത്തിനു വേണ്ടി തോറ്റു കൊടുക്കാനും, നേട്ടങ്ങൾക്ക് വേണ്ടി പൊരുതി ജയിക്കാനും, കുടിച്ചുതീർത്ത കണ്ണുനീരിന്റെ ഓർമ്മകൾ ഉള്ളിൽ അലറി കരയുമ്പോഴും ആ ഓർമ്മകളെ ചങ്ങലയിൽ ബന്ധിച്ച് പ്രിയപ്പെട്ടവർക്കു മുമ്പിൽ ചിരിച്ചു കാണിക്കാനും നീയെന്ന സ്ത്രീക്ക് മാത്രമേ സാധിക്കൂ.
ഭൂമിയിലെ സ്വർഗം ആണ് കുടുംബം. എന്നാൽ ആ കുടുംബത്തെ സ്വർഗമാക്കാനും വേണ്ടിവന്നാൽ നരകമാക്കാനും നിന്നോളം ശക്തി മറ്റാർക്കുമില്ല. ദുഃഖങ്ങൾ കുന്നോളം ഉണ്ടെങ്കിലും അതെല്ലാം ഉള്ളിലൊളിപ്പിച്ച് കുടുംബത്തിന്റെ നന്മമരം ആയി മാറാൻ മകളായും, സഹോദരിയായും, ഭാര്യയായും, അമ്മയായും, മുത്തശ്ശിയായും, പകർന്നാടാൻ കഴിവുള്ള നിനക്ക് മാത്രമേ സാധിക്കൂ.
പ്രപഞ്ചത്തിലെ തുടിയ്ക്കുന്ന ജീവനും കൊതിക്കുന്ന മനസ്സിനും വേണ്ടിയുള്ള ഒരേയൊരു സൃഷ്ടിയും നീയാണ്.
ഹേ …സ്ത്രീരത്നമേ നീ ഉണരുക…
നിന്നിലെ ശക്തിയെ നീ തിരിച്ചറിയുക..
ആ ശക്തിയെ നിന്റെ രണ്ടു ചിറകുകൾ ആക്കി മാറ്റി നീ ഉയരങ്ങൾ കീഴടക്കുക..
സ്വന്തം കഴിവുകൾ ഈ ലോകത്തിനുമുന്നിൽ സമർപ്പിക്കുക..
ഒരു സ്ത്രീയായി ഈ ഭൂമിയിൽ പിറക്കാൻ സാധിച്ചതിൽ ഞാനും ഏറെ അഭിമാനിക്കുന്നു. അതോടൊപ്പം തന്നെ ഞാനടക്കമുള്ള എല്ലാ സ്ത്രീ ശക്തികൾക്കും നേരുന്നു ഞാൻ ഈ വനിതാ ദിനത്തിൽ ഒരായിരം ആശംസകൾ.
Naseerabacker✍️