ഗഡുക്കളായി ശമ്പളം: പ്രതിഷേധം അവസാനിപ്പിച്ച് സി.ഐ.ടി.യു.

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ശമ്പളം ഗഡുക്കളായി നല്‍കുന്ന കാര്യത്തില്‍ തല്‍ക്കാലം സമരത്തിനില്ലെന്നു സി.ഐ.ടി.യു. നേതൃത്വത്തിലുള്ള കെ.എസ്.ആര്‍.ടി.ഇ.എ. ഇന്നലെ മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കിലും അംഗീകൃത തൊഴിലാളി സംഘടനയായ കെ.എസ്.ആര്‍.ടി.ഇ.എ. പ്രതിഷേധത്തില്‍നിന്നു പിന്‍വലിയുകയാണ്. അടുത്ത ചര്‍ച്ച 18-നു നടക്കും.

അതേസമയം, സി.പി.ഐയുടെ എ.ഐ.ടി.യു.സി. നേതൃത്വത്തിലുള്ള സംഘടനയും കോണ്‍ഗ്രസ് അനുകൂല ടി.ഡി.എഫും ബി.എം.എസും ശക്തമായ പ്രതിഷേധം തുടരുകയാണ്. സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധമായ ”അര ശമ്പളം” നയത്തിനെതിരേ കെ.എസ്.ആര്‍.ടി.സി. തൊഴിലാളികള്‍ മറ്റൊരു അംഗീകൃത തൊഴിലാളി സംഘടനയായ കെ.എസ്.ടി എംപ്ലോയീസ് സംഘ് (ബി.എം.എസ്) ന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് പകുതി യൂണിഫോം ധരിച്ച് പ്രതിഷേധ മാര്‍ച്ച് നടത്തി. ”അരക്കൂലിക്ക് അരത്തച്ച്” മാര്‍ച്ച് കെ.എസ്.ടി എംപ്ലോയിസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു.

സേവന-വേതന കരാറിനും മുഖ്യമന്ത്രിയുടെ എല്ലാ മാസവും അഞ്ചിന് ശമ്പളം നല്‍കുമെന്ന വാക്കിനും വിരുദ്ധമായി കെ.എസ്.ആര്‍.ടി.സിയില്‍ ഗഡുക്കളായി ശമ്പളം വിതരണം നടത്തുകയാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അജയകുമാര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →