ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒന്നാം പാദ സെമി ഫൈനല്‍ ഇന്നു നടക്കും

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഒന്‍പതാം സീസണിന്റെ ഒന്നാം പാദ സെമി ഫൈനല്‍ ഇന്നു നടക്കും. ഐ.എസ്.എല്‍. ഷീല്‍ഡ് ജേതാക്കളായ മുംബൈ സിറ്റിയും ബംഗളുരു എഫ്.സിയും തമ്മിലാണു മത്സരം. നാളെ നടക്കുന്ന രണ്ടാം സെമിയില്‍ നിലവിലെ ചാമ്പ്യന്‍ ഹൈദരാബാദ് എഫ്.സി. എ.ടി.കെ. മോഹന്‍ ബഗാനെ നേരിടും. 12, 13 തീയതികളിലാണു രണ്ടാംപാദ മത്സരങ്ങള്‍. മുംബൈ സിറ്റിയുടെ തട്ടകമായ മുംബൈ ഫുട്‌ബോള്‍ അരീനയിലാണ് ഇന്നത്തെ മത്സരം. മുംബൈയും ബംഗളുരുവും തമ്മില്‍ ഇതുവരെ 12 മത്സരങ്ങളില്‍ ഏറ്റുമുട്ടി. ആറു മത്സരങ്ങള്‍ ജയിച്ച മുംബൈക്കാണു മുന്‍തൂക്കം.

അഞ്ച് മത്സരങ്ങളില്‍ ബംഗളുരു ജയിച്ചു. ഒരു മത്സരം സമനിലയില്‍ അവസാനിച്ചു. ഇരുടീമുകളും മൂന്ന് വീതം എവേ ജയങ്ങള്‍ നേടി. കഴിഞ്ഞ അഞ്ച് മത്സരങ്ങളുടെ മത്സരങ്ങളുടെ കണക്കില്‍ ബംഗളുരുവിനാണു മുന്‍തൂക്കം. മൂന്ന് മത്സരങ്ങളില്‍ അവര്‍ ജയമറിഞ്ഞു. രണ്ടെണ്ണത്തില്‍ അവര്‍ തോറ്റു. ഫെബ്രുവരി 15 നു നടന്ന മത്സരത്തില്‍ ബംഗളുരു 2-1 നു ജയിച്ചു. കഴിഞ്ഞ നവംബര്‍ 22 നു നടന്ന മത്സരത്തില്‍ മുംബൈ 4-0 ത്തിനാണു ജയിച്ചത്. മുംബൈ കോച്ച് ഡെസ്മണ്ട് ബെക്കിങാമിനോ ബംഗളുരു കോച്ച് സിമോണ്‍ നികോള്‍സ് ഗ്രേസണിനോ ആശങ്കയായി താരങ്ങളുടെ സസ്‌പെന്‍ഷനോ പരുക്കുകളോ ഇല്ല. ഐ.പി.എല്ലില്‍ ഇതുവരെ നടന്ന ഇരുപാദ സെമി ഫൈനലുകള്‍ ആവേശകരമായിരുന്നു. മത്സരങ്ങള്‍ കുറഞ്ഞത് 180 മിനിറ്റ് നീണ്ടിരുന്നു.
ഇന്നു ജയത്തില്‍ കുറഞ്ഞ ലക്ഷ്യം തങ്ങള്‍ക്കില്ലെന്നു മുംബൈ കോച്ച് ഡെസ്മണ്ട് ബെക്കിങാം വ്യക്തമാക്കി. ഒന്ന്, രണ്ട് പാദങ്ങളെ വ്യത്യസ്തമായാണു സമീപിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം തട്ടകത്തില്‍ ആറ് ജയങ്ങളും മൂന്ന് സമനിലകളും കുറിക്കാന്‍ ഡെസ്മണ്ട് ബെക്കിങാമിന്റെ ശിഷ്യന്‍മാര്‍ക്കായി. ഒരു തോല്‍വി മാത്രമാണു ദുഃഖ ബിന്ദു. കാണികളുടെ പിന്തുണയും തങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
മുംബൈ താരങ്ങള്‍ക്കു രണ്ടാഴ്ച വിശ്രമിക്കാന്‍ അവസരം ലഭിച്ചിരുന്നു. കേരളാ ബ്ലാസ്‌റ്റേഴ്‌സുമായി നടന്ന നോക്കൗട്ട് വിവാദത്തിന്റെ ക്ഷീണത്തിലാണു ബംഗളുരു കോച്ച് സിമോണ്‍ നികോള്‍സ് ഗ്രേസണും ശിഷ്യന്‍മാരും. സുനില്‍ ഛേത്രിയുടെ ഫ്രീ കിക്ക് ഗോള്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ് തുടര്‍ന്നു കളിച്ചില്ല. സാഹചര്യങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നവര്‍ക്കാണു ജയമെന്നു ബംഗളുരു കോച്ച സിമോണ്‍ പറഞ്ഞു. ഈ സീസണില്‍ മുംബൈയെ തോല്‍പ്പിച്ച ഏക ടീമാണു ബംഗളുരു. 2022 ലെ ഡുറന്‍ഡ് കപ്പ് ഫൈനലിലും തങ്ങള്‍ മുംബൈയെ തോല്‍പ്പിച്ചത് സിമോണ്‍ ചൂണ്ടിക്കാട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →