ഇടുക്കിയിൽ വീണ്ടും കാട്ടാനയുടെ അക്രമം : ജാഗ്രത വേണമെന്ന് വനംവകുപ്പിന്റെ മുന്നറിയിപ്പ്

മൂന്നാർ: പടയപ്പയും അരിക്കൊമ്പനും ഇടുക്കിയിൽ വീണ്ടും ആക്രമണങ്ങൾ നടത്തി. കെഎസ്ആർടിസി ബസിന് നേരെയാണ് പടയപ്പയുടെ ആക്രമണം ഉണ്ടായത്. ബസ് തടഞ്ഞ കാട്ടാന ബസിന്റെ സൈഡ് മിറർ തകർത്തു. കഴിഞ്ഞ ദിവസം അർദ്ധരാത്രി 12 മണിയോടെയാണ് മൂന്നാർ നെയ്മക്കാടിന് സമീപത് വെച്ച് പടയപ്പ കെഎസ്ആർടിസി ബസ് തടഞ്ഞ് നിർത്തിയത്. പഴനിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന തിരുവനന്തപുരം സൂപ്പർഫാസ്റ്റിന് നേരെയാണ് പടയപ്പ പാഞ്ഞടുത്തത്.

ആന വഴിമുടക്കി നിന്നതോടെ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ ദിവസം നെയ്മകാട്ടിൽ പച്ചക്കറി കൃഷി പടയപ്പ തകർത്തിരുന്നു. പൂപ്പാറയിൽ ആണ് അരിക്കൊമ്പന്റെ ആക്രമണമുണ്ടായത്. തലക്കുളത്ത് ബസവരാജ് എന്നയാളുടെ വീട് ആന ഭാഗീകമായി തകർത്തു. പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. ആക്രമണം നടന്ന സമയത് വീട്ടിൽ താമസക്കാർ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. നാട്ടുകാർ ബഹളം വെച്ചാണ് പ്രദേശത്തു നിന്നും ആനയെ തുരത്തിയത്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ, 15 ലധികം വീടുകളാണ് ആനയുടെ ആക്രമണത്തിൽ ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലായി തകർന്നിട്ടുള്ളത്. 10 ദിവസത്തിലധികമായി, മൂന്നാർ കടലാർ എസ്റ്റേറ്റ് മേഖലയിൽ കാട്ടാന കൂട്ടം സ്ഥിരമായി നാശം വിതയ്ക്കുന്നുണ്ട്. പടയപ്പയും അരികൊമ്പനും കാട്ടിലേക്ക് തിരികെ പോയെന്നാണ് വനംവകുപ്പ് നൽകുന്ന വിവരം. എങ്കിലും രാത്രികളിൽ പ്രത്യേക ജാഗ്രത വേണമെന്ന് വനംവകുപ്പ് നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →