അലഹബാദ്: ഗോഹത്യ നടത്തുന്നവരും അതിനു കൂട്ടുനില്‍ക്കുന്നവരും നരകത്തില്‍ ചീഞ്ഞഴുകുമെന്ന് അലഹബാദ് ഹൈക്കോടതി. പശുക്കളെ കൊന്നതുമായി ബന്ധപ്പെട്ട് തനിക്കെതിരായ ക്രിമിനല്‍ കേസ് റദ്ദാക്കണമെന്ന് ആശ്യപ്പെട്ട് മുഹമ്മദ് അബ്ദുള്‍ ഖാലിക് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ഷമിം അഹമ്മദ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.”പുരോഹിതന്മാര്‍ക്കും പശുക്കള്‍ക്കും ഒരേ സമയമാണു ബ്രഹ്‌മാവ് ജീവന്‍ നല്‍കിയത്. പുരോഹിതര്‍ മന്ത്രങ്ങള്‍ ഉരുവിടുമ്പോള്‍ അതേസമയത്ത് പൂജകള്‍ക്ക് ആവശ്യമായ നെയ്യ് നല്‍കാന്‍ പശുക്കള്‍ക്ക് കഴിയുന്നു. ഇതിനാണ് രണ്ടുകൂട്ടരേയും ഒരേസമയം സൃഷ്ടിച്ചത്. പശുക്കളെ കൊല്ലുന്നവരും അതിന് അനുവദിക്കുന്നവരും നരകത്തില്‍ പോകാന്‍ അര്‍ഹരാണ്. അവര്‍ നരകത്തില്‍ ചീഞ്ഞഴുകും” – ജസ്റ്റിസ് ഷമിം അഹമ്മദ് പറഞ്ഞു.
ഇന്ത്യ മതേതര രാജ്യമായതിനാല്‍ എല്ലാ മതങ്ങളേയും ബഹുമാനിക്കണം. ഹിന്ദുമതത്തില്‍ പശു ദൈവികതയേയും പ്രകൃതിയുടെ ദാനശീലത്തേയും പ്രതിനിധാനം ചെയ്യുന്നു. അതിനാല്‍ പശുക്കള്‍ സംരക്ഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യണം.
ഹിന്ദുമതത്തില്‍ മൃഗങ്ങളില്‍ പശു ഏറ്റവും വിശുദ്ധമാണ്. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം. കാമധേനു എന്നറിയപ്പെടുന്ന പശു എല്ലാ ആഗ്രഹങ്ങളും സഫലമാക്കുന്നുവെന്നും വിധിയില്‍ പറയുന്നു.

