ന്യൂഡല്‍ഹി: സംസ്ഥാന-ജില്ലാ ഉപഭോക്തൃ ഫോറങ്ങളുടെ പ്രസിഡന്റ്, അംഗങ്ങള്‍ എന്നിവരെ എഴുത്തുപരീക്ഷയിലൂടെ തെരഞ്ഞെടുക്കണമെന്ന ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. ഉപഭോക്തൃകാര്യം, നിയമം, പബ്ലിക് അഫയേഴ്‌സ് തുടങ്ങിയ പ്രത്യേകമേഖലകളില്‍ 10 വര്‍ഷം പ്രവൃത്തിപരിചയമുള്ള ബിരുദധാരികള്‍ക്ക് ഉപഭോക്തൃ ഫോറങ്ങളില്‍ പ്രസിഡന്റോ അംഗങ്ങളോ ആകാമെന്നു ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് 2021 സെപ്റ്റംബറില്‍ വിധിച്ചതും ഇതിനൊപ്പം സാധുവായി.
ഉപഭോക്തൃസംരക്ഷണനിയമങ്ങളി(2020)ലെ ചില വ്യവസ്ഥകള്‍ ബോംബെ ഹൈക്കോടതി റദ്ദാക്കിയതിനെതിരേ കേന്ദ്ര ഉപഭോക്തൃകാര്യമന്ത്രാലയം സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണു സുപ്രീം കോടതി ഉത്തരവ്. കഴിവും സത്യസന്ധതയും അംഗീകൃത സര്‍വകലാശാലാ ബിരുദവും ഉപഭോക്തൃകാര്യം, നിയമം, പൊതുകാര്യങ്ങള്‍, ഭരണനിര്‍വഹണം, സാമ്പത്തികശാസ്ത്രം, വാണിജ്യം, വ്യവസായം, ധനകാര്യം, മാനേജ്‌മെന്റ്, എന്‍ജിനീയറിങ്, സാങ്കേതികവിദ്യ, പൊതുജനാരോഗ്യം, ഔഷധം തുടങ്ങിയ മേഖലകളില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് ജില്ലാ-സംസ്ഥാന ഉപഭോക്തൃ ഫോറങ്ങളില്‍ പ്രസിഡന്റ്/അംഗമാകാന്‍ യോഗ്യതയുണ്ടെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. 10 വര്‍ഷം പ്രവൃത്തിപരിചയമുള്ള അഭിഭാഷകര്‍ക്ക് ഇതുപ്രകാരം ഉപഭോക്തൃ ഫോറങ്ങളില്‍ നിയമിക്കപ്പെടാന്‍ അര്‍ഹതയുണ്ട്. സംസ്ഥാന ഫോറങ്ങളില്‍ നിയമിക്കപ്പെടാന്‍ 20 വര്‍ഷവും ജില്ലാ ഫോറങ്ങളില്‍ നിയമിക്കപ്പെടാന്‍ 15 വര്‍ഷവും പ്രവൃത്തിപരിചയം വേണമെന്ന 2020-ലെ നിയമവ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു ബോംബെ ഹൈക്കോടതി വിധി. ഭരണഘടനയുടെ 142-ാം വകുപ്പുപ്രകാരമുള്ള പ്രത്യേകാധികാരം ഉപയോഗിച്ചാണ് ഉപഭോക്തൃ ഫോറം പ്രസിഡന്റ്/അംഗങ്ങളെ എഴുത്തുപരീക്ഷയിലൂടെ നിയമിക്കാന്‍ ജസ്റ്റിസുമാരായ എം.ആര്‍. ഷാ, എം.എം. സുന്ദരേഷ് എന്നിവരുള്‍പ്പെട്ട ബെഞ്ച് ഉത്തരവിട്ടത്.
സെലക്ഷന്‍ കമ്മിറ്റികള്‍ മുേഖന സര്‍ക്കാര്‍ അനിയന്ത്രിതമായി രാഷ്ട്രീയനിയമനം നടത്തുന്നതു തടയാനും സുതാര്യത ഉറപ്പുവരുത്താനുമാണ് എഴുത്തുപരീക്ഷ. ഉപഭോക്തൃ ഫോറങ്ങളിലെ നിയമനത്തിന് എഴുത്തുപരീക്ഷയെന്ന ആശയത്തെ സംസ്ഥാനസര്‍ക്കാരുകള്‍ എതിര്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണു ബോംബെ ഹൈക്കോടതി വിധിക്കെതിരേ കേന്ദ്രം അപ്പീല്‍ സമര്‍പ്പിച്ചത്.

