തൊടുപുഴ: മാനസികവെല്ലുവിളി നേരിടുന്നവരെ പാര്‍പ്പിക്കുന്ന സ്ഥാപനത്തില്‍ അന്തേവാസിയായ യുവാവ് തള്ളിയിട്ടതിനെത്തുടര്‍ന്നു വയോധികനായ അന്തേവാസി കൊല്ലപ്പെട്ടു. അരിക്കുഴ സ്വദേശി ജോണി(72)യാണ് മരണമടഞ്ഞത്. മലര്‍ന്നടിച്ചു വീണപ്പോള്‍ തലയ്‌ക്കേറ്റ പരുക്കാണ് മരണകാരണം. മാനസികവെല്ലുവിളി നേരിടുന്ന ആലപ്പുഴ വലിയഴീക്കല്‍ സ്വദേശിയായ 26 വയസുകാരനാണ് ജോണിയെ തള്ളിയിട്ടത്.
ഇന്നലെ വൈകിട്ട് 4.30നു നഗരസഭയുടെ സമീപ പഞ്ചായത്തിലുള്ള സ്ഥാപനത്തിലാണ് സംഭവം. തൊടുപുഴ പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ജോണി 2005 മുതലും യുവാവ് 2013 മുതലും സ്ഥാപനത്തിലെ അന്തേവാസികളാണ്. യുവാവ് ജന്മനാ മൂകനും ബധിരനുമാണ്.