ദുബായ്: ലോക ടെസ്റ്റ് ബൗളര്‍മാരുടെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലി (ഐ.സി.സി) ന്റെ പുതിയ റാങ്കിങ്ങില്‍ ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന്‍ ഒന്നാമന്‍. ഇംഗ്ലണ്ടിന്റെ വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണെ പിന്തള്ളിയാണ് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ മുന്നിലെത്തിയത്. 864 റേറ്റിങ് പോയിന്റാണ് അശ്വിനുള്ളത്. രണ്ടാം സ്ഥാനത്തേക്കു വീണ ആന്‍ഡേഴ്‌സണ് 859 പോയിന്റുണ്ട്. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ക്രിക്കറ്റിലെ ഡല്‍ഹിയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ആറുവിക്കറ്റുകള്‍ വീഴ്ത്തിയതാണ് അശ്വിന്റെ കുതിപ്പിനു പിന്നിലെ ഘടകം.
വെല്ലിങ്ടണില്‍ ന്യൂസിലന്‍ഡിനോട് ഇംഗ്ലണ്ട് ഒരു റണ്ണിന്റെ തോല്‍വി വഴങ്ങിയത് ആന്‍ഡേഴ്‌സണു തിരിച്ചടിയായി. റാങ്കിങ്ങില്‍ ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് മൂന്നാം സ്ഥാനം നിലനിര്‍ത്തി. പരുക്കിനെത്തുടര്‍ന്ന് കളിക്കളത്തില്‍നിന്നു വിട്ടുനില്‍ക്കുകയാണെങ്കിലും ഇന്ത്യയുടെ ജസ്പ്രീത് ബുംറ ഒരുസ്ഥാനം കയറി നാലാമതെത്തി. പാകിസ്താന്റെ ഷഹീന്‍ അഫ്രീദി ആറില്‍നിന്ന് അഞ്ചാമതെത്തിയപ്പോള്‍ ഇം ണ്ടിന്റെ ഒലി റോബിന്‍സണ്‍ രണ്ടു സ്ഥാനം താഴേക്കിറങ്ങി ആറാമതായി.
ഒന്‍പതാമതായിരുന്ന ഇന്ത്യയുടെ രവീന്ദ്ര ജഡേജ എട്ടാമതെത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ കഗീസോ റബാഡ ഏഴാമനായി. ഒരുസ്ഥാനം താഴേക്കു പോയ ന്യൂസിലന്‍ഡിന്റെ കെയ്ല്‍ ജാമിസണ്‍ പുതിയ റാങ്കിങ്ങില്‍ ഒന്‍പതാമതെത്തിയപ്പോള്‍ ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക് 10-ാം സ്ഥാനം നിലനിര്‍ത്തി.