ചെെന്നെ: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളോട് നിലപാട് അറിയിച്ചു കോണ്‍ഗ്രസ്. മുന്നണിയുടെ നേതാവല്ല, ഒരുമിച്ചുള്ള പോരാട്ടമാണു പ്രധാനമെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. റായ്പുരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രഖ്യാപനം ചെെന്നെയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സപ്തതി ആഘോഷ സമ്മേളനത്തിലാണു ഖാര്‍ഗെ നടത്തിയത്.
” ഞങ്ങള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നില്ല. ആര് നയിക്കണമെന്നും ഞങ്ങള്‍ പറയില്ല. ഒരുമിച്ചുള്ള പോരാട്ടം വേണമെന്നാണു ഞങ്ങള്‍ ആവശ്യപ്പെടുന്നത്”- അദ്ദേഹം പറഞ്ഞു. ”വിഭജന ശക്തികള്‍ക്കെതിരേ സമാന ചിന്താഗതിയുള്ള കക്ഷികള്‍ ഒരുമിച്ചുചേര്‍ന്നു പോരാടണം. 2024 നു മുമ്പ് സഖ്യം ശക്തമാക്കണം”- അദ്ദേഹം പറഞ്ഞു. നേരത്തെ പ്രധാനമന്ത്രി സ്ഥാനം പാര്‍ട്ടിക്ക് അവകാശപ്പെട്ടതാണെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്.
ചടങ്ങില്‍ പങ്കെടുത്ത നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പേരാണു പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയത്. പ്രതിപക്ഷ ഐക്യത്തിനായി ഡി.എം.കെയുടെ സേവനം അംഗീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍.ജെ.ഡി. നേതാവ് തേജസ്വി യാദവ്, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവരും ജന്മദിനാഘോഷത്തില്‍ പങ്കെടുത്തു.
സപ്തതിയാഘോഷത്തോട് അനുബന്ധിച്ചുള്ള ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തത് മക്കള്‍ നീതിമയ്യം നേതാവും നടനുമായ കമല്‍ ഹാസനാണ്. ഭാരത് ജോഡോ യാത്രയില്‍ തുടങ്ങി ഈറോഡ് ഈസ്റ്റ് നിയമസഭ ഉപതെരഞ്ഞെടുപ്പ് വരെ, കോണ്‍ഗ്രസുമായും ഡി.എം.കെയുമായും അടുക്കുന്ന കമല്‍, വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് യു.പി.എയില്‍ ചേരുമെന്നാണു സൂചന.
അതിനിടെ ജന്മദിന ദിവസം പിതാവ് എം. കരുണാനിധിയുടെ സ്മാരകത്തിലും ഡി.എം.കെ സ്ഥാപകനായ സി.എന്‍. അണ്ണാദുരൈയുടെ സ്മാരകത്തിലും എം.കെ. സ്റ്റാലിന്‍ പുഷ്പാര്‍ച്ചന നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്, മുഖ്യമന്ത്രി പിണറായി വിജയന്‍, തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍, വിജയകാന്ത്, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി തുടങ്ങിയവര്‍ സമൂഹമാധ്യമങ്ങള്‍ വഴി സ്റ്റാലിന് ജന്മദിനാശംസകള്‍ നേര്‍ന്നു.

