ന്യൂഡല്‍ഹി: മൂന്നു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ നാഗാലാന്‍ഡിലും ത്രിപുരയിലും ബിജെപി മുന്നേറുന്നു. ത്രിപുരയില്‍ ബിജെപി ഐപിഎഫ്ടി സഖ്യമാണ് മുന്നിലെങ്കിലും കേവല ഭൂരിപക്ഷത്തിന് 31 സീറ്റ് വേണമെന്നിരിക്കെ നിലവില്‍ 29 സീറ്റിലാണ് അവര്‍ ലീഡ് ചെയ്യുന്നത്. ഇതാദ്യമായി സഖ്യമായി മത്സരിക്കുന്ന ഇടത്-കോണ്‍ഗ്രസ് സഖ്യം 15 സീറ്റില്‍ മുന്നിലാണ്. ഗോത്ര പാര്‍ട്ടിയായ തിപ്ര മോത്ത ഏവരേയും ഞെട്ടിച്ചുകൊണ്ട് 12 സീറ്റില്‍ ലീഡ് ചെയ്യുന്നു.
ത്രിപുരയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ബി.ജെ.പിക്ക് തുടര്‍ഭരണം കിട്ടുമോ എന്നാണ് രാഷ്ട്രീയകേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. സംസ്ഥാനത്ത് 25 വര്‍ഷത്തോളം തുടര്‍ച്ചയായി ഭരണത്തിലുണ്ടായിരുന്ന സി.പി.എം. കോണ്‍ഗ്രസിനൊപ്പം കൈകോര്‍ത്താണ് ബി.ജെ.പിയെ നേരിടുന്നത്. ഗോത്രമേഖലകളില്‍ സ്വാധീനമുള്ള പ്രദ്യോത് ദേബ് ബര്‍മയുടെ തിപ്രമോത്ത നേടുന്ന വോട്ടുകളായിരിക്കും സംസ്ഥാന ഭരണം ആര്‍ക്കാവുമെന്നത് നിര്‍ണ്ണയിക്കുക. ഗോത്രവര്‍ഗ പാര്‍ട്ടിയായ ഐ.പി.എഫ്.ടിയുമായി ചേര്‍ന്നാണ് ബി.ജെ.പി. തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബി.ജെ.പി. 55 ഇടത്തും ഐ.പി.എഫ്.ടി. അഞ്ചിടത്തും മത്സരിച്ചു. സി.പി.എം. 43 ഇടത്തും കോണ്‍ഗ്രസ് 13 ഇടത്തും മറ്റ് ഇടത് പാര്‍ട്ടികള്‍ ഓരോ ഇടത്തുമാണ് മത്സരിച്ചത്. ഒരു സീറ്റില്‍ തിപ്ര മോത്തയും ഇടത് കോണ്‍ഗ്രസ് സഖ്യവും ഒരു സ്ഥാനാര്‍ഥിയെ പിന്തുണച്ചു.