തിരുവാഭരണം കവര്‍ച്ച:മേല്‍ശാന്തി പിടിയില്‍

പിറവം: പുനരുദ്ധാരണം നടക്കുന്ന പിറവം പുതുശേരി തൃക്ക ബാലനരസിംഹ ക്ഷേത്രത്തിലെ തിരുവാഭരണ കവര്‍ച്ചക്കേസിലെ പ്രതി പിടിയില്‍. ക്ഷേത്രത്തിലെ മേല്‍ശാന്തി ഉദയനാപുരം ചുണ്ടങ്ങകരി ശരത്തി(27)നെയാണു പോലീസ് കസ്റ്റഡിയിലെടുത്തത്. ഫെബ്രുവരി 10 നാണ് കവര്‍ച്ച നടന്നത്. താത്കാലിക ശ്രീകോവിലിലെ പ്രതിഷ്ഠയില്‍ ചാര്‍ത്തിയിരുന്ന ഒരു പവന്റെ സ്വര്‍ണമാലയും ഒരു ഗ്രാമിന്റെ ലോക്കറ്റും വെള്ളി മാലയുമാണു കാണാതായത്. ക്ഷേത്രം മാതൃസമിതിയുടെയും പോലീസിന്റെയും അന്വേഷണത്തെത്തുടര്‍ന്നാണ് പ്രതിയെ പിടികൂടാനായത്.

കഴിഞ്ഞ ഏഴ് മാസമായി ശരത് തൃക്ക ക്ഷേത്രത്തില്‍ മേല്‍ശാന്തിയാണ്. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണമാല നേരത്തെ തന്നെ മോഷ്ടിച്ച് പണയം വച്ചിരുന്നതായി പോലീസ് പറഞ്ഞു. ക്ഷേത്രം ഭാരവാഹികള്‍ക്ക് സംശയം തോന്നാതിരിക്കാന്‍ മറ്റൊരു മുക്കുപണ്ടം ചാര്‍ത്തിയിരുന്നു. അതിനിടെ ശാന്തിക്കാരനെ മാറ്റുന്നതിനായി ക്ഷേത്രം ഭാരവാഹികള്‍ ആലോചന നടത്തിയപ്പോള്‍ സംഭവം പുറത്താകുമെന്നു ഭയന്ന് മോഷണം നടന്നതായി വരുത്തി തീര്‍ക്കാനുള്ള ശ്രമിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. നാല്‍പതിനായിരം രൂപയ്ക്കാണ് സ്വകാര്യ ബാങ്കില്‍ സ്വര്‍ണമാല പണയം വച്ചത്. ആലുവയില്‍നിന്നുള്ള വിരലടയാള വിദഗ്ധരും ക്ഷേത്രത്തിലെത്തി പരിശോധന നടത്തിയിരുന്നു. താത്കാലിക ശ്രീകോവിലിന്റെ വാതില്‍ താക്കോല്‍ കൊണ്ട് തുറന്നാണ് മാലകള്‍ കവര്‍ന്നതെന്ന് മനസിലായതാണ് അന്വേഷണം മേല്‍ശാന്തിയിലേക്ക് തിരിഞ്ഞത്.

ഫെബ്രുവരി 22 മുതല്‍ ശരത് പൂജയ്ക്ക് എത്തിയിരുന്നില്ല. മോഷണം കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ക്ഷേത്രത്തിലെ മറ്റൊരു പ്രതിഷ്ഠയായ യക്ഷിത്തറയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെള്ളി മാലയും കണ്ടെത്തിയിരുന്നു. പിറവം എസ്.ഐ. എന്‍.എം. സജിമോന്റെ നേതൃത്വത്തില്‍ കുലശേഖരമംഗലം സര്‍വീസ് സഹകരണ ബാങ്കിലും തൃക്ക ക്ഷേത്രത്തിലും തെളിവെടുപ്പ് നടത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി. വ്യാജ ബയോഡേറ്റ നല്‍കിയാണു ശരത് മേല്‍ശാന്തിയായി ചുമതലയേറ്റതെന്നു തൃക്ക ബാലനരസിംഹ സ്വാമി ക്ഷേത്രം രക്ഷാധികാരി വിനോദ് മഹാദേവന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →