അമ്മായിയമ്മയെ കൊലപ്പെടുത്തി മരുമകള്‍ തൂങ്ങിമരിച്ചു

പറവൂര്‍: വടക്കേക്കര തുരുത്തിപ്പുറത്ത് അമ്മായിയമ്മയെ കൊലപ്പെടുത്തിയ ശേഷം മരുമകള്‍ തൂങ്ങി മരിച്ചു. കുണ്ടോട്ടില്‍ അംബിക (55), ഭര്‍തൃമാതാവ് സരോജിനി (85) എന്നിവരെ ഇന്നലെ രാവിലെയാണു തുരുത്തിപ്പുറത്തെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. അംബിക അടുക്കളയില്‍ തൂങ്ങിയ നിലയിലായിരുന്നു. സരോജിനി കിടപ്പുമുറിയില്‍ മരിച്ചു കിടക്കുകയായിരുന്നു. സരോജിനിയുടെ മൃതദേഹത്തില്‍ ശ്വാസം മുട്ടിച്ചതിന്റെ ലക്ഷണങ്ങള്‍ ഉള്ളതായി പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നാണു വിവരം. ഇന്നലെ രാവിലെ ആരെയും വീടിനു പുറത്തു കാണാത്തതിനാല്‍ സമീപവാസി അംബികയുടെ മകള്‍ മാല്യങ്കരയില്‍ താമസിക്കുന്ന സജ്‌നയെ വിവരമറിയിച്ചു. സജ്‌നയും ഭര്‍ത്താവ് ബിജോയിയും വീട്ടിലെത്തിയപ്പോള്‍ വാതിലുകള്‍ പൂട്ടിയനിലയിലായിരുന്നു. പിന്നിലെ വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്.

ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് അംബികയുടെ മകന്‍ സബിന്‍ അപകടത്തില്‍ മരിച്ചിരുന്നു. ഭര്‍ത്താവ് സതീശന്‍ മരിച്ചശേഷം അംബികയും സരോജിനിയും മാത്രമായിരുന്നു വീട്ടില്‍ താമസം. ഇവര്‍ തമ്മില്‍ സ്ഥിരമായി വഴക്ക് ഉണ്ടാകാറില്ലെന്നാണു വിവരം. തുടര്‍നടപടികള്‍ സ്വീകരിച്ച ശേഷം പോലീസ് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി. ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇരുവരുടേയും മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →