ഗല്‍വാനില്‍ വീരമൃത്യുവരിച്ച സൈനികന്റെ പിതാവ് അറസ്റ്റില്‍; പോലീസ് വലിച്ചിഴച്ചെന്നു പരാതി

പട്‌ന: ഗല്‍വാന്‍ സംഘര്‍ഷത്തില്‍ വീരമൃത്യുവരിച്ച സൈനികന്‍ ജയ് കിഷോറിന്റെ അച്ഛന്‍ രാജ് കപൂര്‍ സിങ് ഭൂമി കൈയേറിയെന്ന കേസില്‍ അറസ്റ്റില്‍. ഇദ്ദേഹത്തെ പോലീസ് വലിച്ചിഴച്ചെന്നും പരാതി ഉയര്‍ന്നു. ഇതിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

2020-ല്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് സൈന്യവുമായുണ്ടായ സംഘര്‍ഷത്തിലാണ് ജയ് കിഷോര്‍ വീരമൃത്യുവരിച്ചത്. ഇദ്ദേഹത്തിന്റെ അച്ഛന്‍ രാജ് കപൂര്‍ സിങ്ങിനെ കഴിഞ്ഞ ദിവസം രാത്രിയാണ് പോലീസ് അറസ്റ്റുചെയ്തത്. സ്വദേശമായ വൈശാലിയില്‍നിന്ന് രാജ് കപൂര്‍ സിങ്ങിനെ പോലീസ് വലിച്ചിഴച്ച് കൊണ്ടുപോകുന്നതിന്റേതെന്ന് ചൂണ്ടിക്കാട്ടിയുള്ള സി.സി. ടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പോലീസ് ഇദ്ദേഹത്തെ മര്‍ദിച്ചെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു. സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നാരോപിച്ചാണ് രാജ് കപൂര്‍ സിങ്ങിനെ അറസ്റ്റ് ചെയ്തതെന്നാണു വിവരം.

സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നാരോപിച്ച് ഗ്രാമത്തിലെ ദളിത് വിഭാഗക്കാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് സിങ്ങിനെതിരേ പട്ടികജാതി/വര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം കേസെടുത്തത്. സൈനികന്റെ സ്മാരകം അയല്‍വാസികളുടെ കൃഷിയിടത്തിലേക്കുള്ള പ്രവേശനം തടയുന്നു എന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പോലീസ് പറഞ്ഞു. സര്‍ക്കാര്‍ ഭൂമി കൈയേറി സൈനികന് സ്മാരകം പണിയുകയും ഒറ്റ രാത്രികൊണ്ട് അതിന് ചുറ്റുമതിലുകള്‍ പണിയുകയും ചെയ്‌തെന്നാണ് പരാതി. കൈയേറ്റത്തില്‍നിന്ന് പിന്തിരിയണമെന്ന് പലതവണ നിര്‍ദേശം നല്‍കിയിരുന്നെന്നും പോലീസ് പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →