ന്യൂഡല്‍ഹി: ആസ്ത്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങ് ഇന്ത്യയില്‍ ദ്വിദിന സന്ദര്‍ശനത്തിനെത്തും. മാര്‍ച്ച് ഒന്ന്, രണ്ട് തീയ്യതികളിലാണ് സന്ദര്‍ശനം. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉന്നതതല ഇടപെടലുകള്‍ കൂടുതല്‍ ഊര്‍ജിതമാക്കുകയുമാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും വിദേശകാര്യ മന്ത്രാലയം സഹ ആതിഥേയത്വം വഹിക്കുന്ന ജിയോ രാഷ്ട്രീയ വാര്‍ഷിക സമ്മേളനത്തിലും വോങ് പങ്കെടുക്കും.കഴിഞ്ഞ വര്‍ഷം വിദേശകാര്യ മന്ത്രിയായ ശേഷം വോങിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. വോങിന്റെ സന്ദര്‍ശനത്തിനു പിന്നാലെ പ്രധാന മന്ത്രി ആന്റണി അല്‍ബനീസ്, വാണിജ്യ മന്ത്രി ഡോണ്‍ ഫാരെല്‍, വിഭവ മന്ത്രി മഡലീന്‍ കിംഗ് എന്നിവരും ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ക്വാഡ് നേതാക്കളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വര്‍ഷം അവസാനം ആസ്ത്രേലിയ സന്ദര്‍ശിക്കും. ആസ്ത്രേലിയ, ജപ്പാന്‍, യു എസ് നേതാക്കളും ഉച്ചകോടിയില്‍ സംബന്ധിക്കുന്നുണ്ട്.