കൊച്ചി: എക്‌സൈസ് കായികമേളയ്ക്കിടെ മത്സരാര്‍ഥിയായ പ്രിവിന്റീവ് ഓഫീസര്‍ കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥന്‍ കണാശേരി കണ്ണാടി ലക്ഷ്മിഭവനത്തില്‍ ആര്‍. വേണുകുമാര്‍(53) ആണു മരിച്ചത്.
എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം. 1500 മീറ്റര്‍ നടത്തമത്സരത്തിനുശേഷം വിശ്രമിക്കുമ്പോള്‍ വേണുകുമാര്‍ പൊടുന്നനെ കുഴഞ്ഞുവീഴുകയായിരുന്നു. കായികമേളയ്ക്കായി സജ്ജമാക്കിയിരുന്ന മെഡിക്കല്‍സംഘം പ്രഥമശുശ്രൂഷ നല്‍കി ഉടന്‍ സമീപത്തെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെത്തുടര്‍ന്ന് കായികമേള നിര്‍ത്തിവച്ചു.
ഉയര്‍ന്ന ശക്തസമ്മര്‍ദത്തിനൊപ്പം അപസ്മാരവുമുണ്ടായതാണു മരണകാരണം. രക്തസമ്മര്‍ദത്തിനും കൊളസ്ട്രോളിനും വേണുകുമാര്‍ മരുന്നു കഴിച്ചുവരികയായിരുന്നു. ശനിയാഴ്ച രാവിലെ പാലക്കാട് സംഘത്തോടൊപ്പമാണ് അദ്ദേഹം കൊച്ചിയിലെത്തിയത്. ആദ്യദിനം തന്നെ റിലേ മത്സരത്തില്‍ പങ്കെടുത്ത് സ്വര്‍ണം നേടി. റിലേയില്‍ ടീം ഒന്നാം സ്ഥാനം നേടിയതിന്റെ ആവേശത്തില്‍ നടത്തമത്സരത്തിനും പങ്കെടുക്കണമെന്ന് വേണുകുമാര്‍ ആഗ്രഹം പ്രകടിപ്പിച്ചു. താമസസ്ഥലത്തുനിന്ന് അതിരാവിലെ തന്നെ മഹാരാജാസ് ഗ്രൗണ്ടിലെത്തി പരിശീലനം നടത്തിയശേഷമാണ് മത്സരത്തില്‍ പങ്കെടുത്തത്. അഞ്ചാം സ്ഥാനമേ നേടാനായുള്ളുവെങ്കിലും മത്സരത്തില്‍ പങ്കെടുത്തതിന്റെ സന്തോഷത്തിലായിരുന്നു വേണുകുമാറെന്ന് സഹപ്രവര്‍ത്തകന്‍ സുനില്‍ പറഞ്ഞു.
മുന്‍ എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് ജനറല്‍ ആശുപത്രിയിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി രണ്ടുമണിയോടെ മൃതദേഹം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിനു വച്ചു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം പാലക്കാട്ടേക്കു കൊണ്ടുപായി. വേണുകുമാറിന്റെ ബന്ധുക്കള്‍ ഉച്ചയോടെ കൊച്ചിയില്‍ എത്തിയിരുന്നു. പട്ടാമ്പി കോടതിയില്‍ യു.ഡി. €ാര്‍ക്കായ ഷീബയാണു ഭാര്യ. മക്കള്‍: അമൃത, അര്‍ച്ചന.

