ഗുഡ്ഗാവ്: ഐ ലീഗ് ഫുട്‌ബോളില്‍ സുദേവയ്‌ക്കെതിരേ ഗോള്‍ മഴയുമായി പഞ്ചാബ് എഫ്.സി. സ്വന്തം തട്ടകമായ ഹരിയാനയിലെ താവു ദേവിലാല്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത എട്ട് ഗോളുകള്‍ക്കായിരുന്നു പഞ്ചാബിന്റെ ജയം.
യുവാന്‍ മേര ഹാട്രിക്കടിച്ച മത്സരത്തില്‍ ലൂകാസ് മാജ്‌സന്‍ ഇരട്ട ഗോളുകളടിച്ചു. തെക്ചാം സിങ്, യുവാന്‍ നെലാര്‍, മാഹെസണ്‍ സിങ് എന്നിവര്‍ ഓരോ ഗോള്‍ വീതമടിച്ചു. 21-ാം മിനിറ്റില്‍ തുടങ്ങിയ ഗോളടി 93-ാം മിനിറ്റിലാണ് അവസാനിച്ചത്. 19 കളികളില്‍നിന്നു 43 പോയിന്റ് നേടിയ പഞ്ചാബ് ഒന്നാം സ്ഥാനത്തു തുടരുകയാണ്. അത്രയും കളികളില്‍നിന്നു 12 പോയിന്റ് മാത്രം നേടിയ സുദേവ ഏറ്റവും പിന്നില്‍ 12-മതാണ്.
സുദേവയ്‌ക്കെതിരേ നടന്ന മത്സരത്തിന്റെ ഒരു ശതമാനം സമയത്തു പോലും പന്ത് പഞ്ചാബ് താരങ്ങളുടെ പക്കലില്‍നിന്നു വഴുതിയില്ല. അവരുടെ ഗോളിലേക്കുള്ള എട്ട് ഷോട്ടുകളും പാഴായുമില്ല. എവേ മത്സരത്തില്‍ ട്രാവുവിനെ 2-0 ത്തിനു തോല്‍പ്പിച്ച് റയാല്‍ കശ്മീരും നിലമെച്ചപ്പെടുത്തി. 19 കളികളില്‍നിന്ന് 29 പോയിന്റ് വീതം നേടി റയാല്‍ കശ്മീര്‍ അഞ്ചാമതും ട്രാവു ആറാമതുമാണ്.
ഒസെഗി അഗ്‌യെമാങ്, ഫ്രാങ്കി ബുവാം എന്നിവരാണു റയാല്‍ കശ്മീരിനു വേണ്ടി ഗോളടിച്ചത്. പഞ്ചാബ് സുദേവയ്‌ക്കെതിരേ ജയിച്ചതോടെ നിലവിലെ ചാമ്പ്യന്‍ ഗോകുലത്തിന്റെ കിരീട പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചു. മൂന്ന് മത്സരങ്ങളാണു ലീഗില്‍ ബാക്കിയുള്ളത്. ഗോകുലം അവരുടെ അവസാന മൂന്ന് മത്സരങ്ങള്‍ ജയിച്ചാലും 42 പോയിന്റില്‍ മാത്രമെ എത്തൂ. 19 കളികളില്‍നിന്നു 33 പോയിന്റാണു ഗോകുലം നേടിയത്. കിരീടപ്പോരാട്ടം ശ്രീനിധിയും പഞ്ചാബും തമ്മിലാണ്. ശ്രീനിധിക്ക് 19 കളികളില്‍നിന്നു 40 പോയിന്റുമായി രണ്ടാമതാണ്.
ശനിയാഴ്ച നടന്ന മത്സരത്തില്‍ ഗോകുലം കേരള എഫ്.സി. ഐസ്വാള്‍ എഫ്.സിയെ 3-0 ത്തിനു തോല്‍പ്പിച്ച് കിരീട സാധ്യതകള്‍ സജീവമാക്കിയിരുന്നു.

