305 കോടിരൂപയുടെ ഹവാല ഇടപാട് : ജോയ് ആലുക്കാസ് ഫെമ നിയമത്തിലെ സെക്ഷൻ 4 അടക്കം വിവിധ വകുപ്പുകൾ പ്രകാരമുള്ള ലംഘനം നടത്തിയതായി ഇഡി

കൊച്ചി: ഹവാല ചാനൽ വഴി ഇന്ത്യയിൽ നിന്ന് 305 കോടിയിലേറെ രൂപയുടെ കള്ളപ്പണം ജോയ് ആലുക്കാസ് വർഗീസ് ദുബായിലേക്ക് കടത്തിക്കൊണ്ടുപോയതായി ഇഡിയുടെ കണ്ടെത്തൽ. കേസിൽ ജോയ് ആലുക്കാസ് വർഗീസിനെതിരെ എൻഫോഴ്സ്മെന്റ് തുടർ നടപടികൾ തുടങ്ങി. കുറ്റം ചുമത്തുന്നതിന് മുന്നോടിയായി ഇ.ഡി അജ്യുഡിക്കേറ്റ് കമ്മിറ്റി ജോയ് ആലുക്കാസ് വ‍ർഗീസിന് ഉടൻ കാരണം കാണിക്കൽ നോട്ടീസ് നൽകും. ജോയ് ആലുക്കാസ് വർഗീസിന്റെ വീട് അടക്കമുള്ള സ്വത്തുക്കൾ 2023 ഫെബ്രുവരി 25ന് ഇഡി കണ്ടുകെട്ടിയിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

ദുബായിലേക്ക് കടത്തിയ ഹവാല പണം ജോയ് ആലുക്കാസ് വർഗീസിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ജോയ് ആലുക്കാസ് ജ്വല്ലറി എൽഎൽസിയിൽ നിക്ഷേപിച്ചിരുന്നുവെന്നാണ് ഇഡി വ്യക്തമാക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി തൃശ്ശൂരിലെ വീട്ടിലും സ്ഥാപനത്തിലുമടക്കം ഇഡി ഒരു ദിവസം മുഴവൻ നീളുന്ന പരിശോധന നടത്തി രേഖകൾ കണ്ടെടുത്തിരുന്നു. ഈ രേഖകളുടെ പരിശോധനയിൽ ഫെമ നിയമത്തിലെ സെക്ഷൻ 4 അടക്കം വിവിധ വകുപ്പുകൾ പ്രകാരമുള്ള ലംഘനം ഉണ്ടായതായി കണ്ടെത്തിയതിനെ തുടർന്നാണ് സ്വത്ത് കണ്ട് കെട്ടിയത്.

81.54 കോടി രൂപ മൂല്യം വരുന്ന തൃശ്ശൂർ ശോഭ സിറ്റിയിലെ ജോയ് ആലുക്കാസ് വർഗീസിന്റെ വീടും ഭൂമി അടക്കമുള്ളവയും, മൂന്ന് ബാങ്ക് അക്കൗണ്ടിലുള്ള 91.22 ലക്ഷം രൂപ, 5.58 കോടിരൂപയുടെ ഫിക്സഡ് ഡെപ്പോസിറ്റുകൾ, ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൻറെ 217.81 കോടിരൂപ മൂല്യം വരുന്ന ഓഹരികൾ അടക്കം 305.84 കോടിരൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. അന്വേഷണം പൂർത്തിയാക്കി ഉടൻ റിപ്പോർട്ട് ഇഡിയുടെ അജ്യുഡിക്കേറ്റ് കമ്മിറ്റിയ്ക്ക് കൈമാറുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

25,000 കോടിരൂപ ആസ്തിയുള്ള ജോയ് ആലുക്കാസിന്റെ പേരിൽ 305 കോടിരൂപയുടെ കേസാണ് ഇപ്പോഴുള്ളത്. അജ്യൂഡിക്കേറ്റ് കമ്മിറ്റി ആറ്മാസത്തിനകം ജോയ് ആലുക്കാസ് വർഗീസിന്റെ വിശദീകരണം കൂടി കേട്ട് തുടർന്നടപടിയിലേക്ക് കടക്കും. എന്നാൽ ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് കടത്തിയ പണത്തിന്റെ ഉറവിടം കൃത്യമായി ബോധ്യപ്പെടുത്താനായാൽ വീട് ജപ്തി ചെയ്ത നടപടികളടക്കം ഒഴിവാകും. എന്നാൽ കുറ്റം തെളിഞ്ഞാൽ 305.84 കോടിയുടെ സ്വത്ത് സർക്കാറിലേക്ക് മുതൽകൂട്ടും. അതേസമയം അന്വഷണവുമായി സഹകരിക്കുകയാണെന്നും ഇപ്പോൾ പ്രതികരിക്കാനില്ലെന്നും ജോയ് ആലുക്കാസ് ഗ്രൂപ്പ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →