കാലിക്കറ്റ് സിന്‍ഡിക്കേറ്റ് പുനഃസംഘടന

ഗവര്‍ണറെ തള്ളി ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ്, സെനറ്റ് എന്നിവയുടെ കാലാവധി മാര്‍ച്ച് ആറിന് അവസാനിക്കാനിരിക്കെ താല്‍ക്കാലിക സിന്‍ഡിക്കേറ്റിലേക്ക് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള അധികാരത്തില്‍നിന്ന് ഗവര്‍ണറെ ഒഴിവാക്കുന്നതിനു നിയമസഭയില്‍ പുതിയ ബില്‍ അവതരിപ്പിക്കാന്‍ തയാറെടുത്ത് സര്‍ക്കാര്‍. തന്റെ അധികാരം കവര്‍ന്നെടുക്കുന്നതായതിനാല്‍ ഗവര്‍ണര്‍ ഈ ബില്ലില്‍ ഒപ്പുവയ്ക്കാന്‍ സാധ്യതയില്ലെന്നുകണ്ടാണ് സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി ലഭിക്കാതെ തന്നെ ക്രമപട്ടിക നിശ്ചയിച്ച് ബില്‍ നിയമസഭ അംഗങ്ങള്‍ക്ക് വിതരണം ചെയ്തിരിക്കുന്നത്.

യഥാസമയം തെരഞ്ഞെടുപ്പ് നടത്താതെ പ്രതിപക്ഷ അംഗങ്ങളെ ഒഴിവാക്കുന്നതിനുവേണ്ടി നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി താല്‍ക്കാലിക സിന്‍ഡിക്കേറ്റ് രൂപീകരിക്കാനുള്ള ഭേദഗതി ബില്‍ 27ന് നിയമസഭയില്‍ അവതരിപ്പിക്കാന്‍ തീരുമാനമാനിച്ചാണ് സമയക്രമപട്ടികയും ബില്ലും പ്രസിദ്ധപ്പെടുത്തിയത്. എക്‌സ് ഒഫിഷ്യോ അംഗങ്ങളെ കൂടാതെ 13 പേരെ പുതുതായി നാമനിര്‍ദ്ദേശം ചെയ്യാനാണ് കരട് ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. പ്രതിപക്ഷ അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ വരുന്നത് ഒഴിവാക്കാനും സര്‍വകലാശാല ഭരണം പൂര്‍ണമായും സി.പി.എമ്മിന്റെ നിയന്ത്രണത്തിലാക്കാനുമാണ് യഥാസമയം തെരഞ്ഞെടുപ്പ് നടത്താത്തതെന്നും പുതിയ ബില്ല് അസംബ്ലിയില്‍ അവതരിപ്പിക്കുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. സര്‍ക്കാരിന്റെ സഞ്ചിതനിധിയില്‍നിന്ന് അധിക തുക ചെലവാക്കേണ്ടതുള്ളതായി ബില്ലിന്റെ ധനകാര്യ മെമ്മോറാണ്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് ഭരണഘടനയുടെ 299(1) വകുപ്പ് പ്രകാരം ബില്ല് നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് ഗവര്‍ണറുടെ മുന്‍കൂട്ടിയുള്ള അനുമതി ആവശ്യമാണ്.

ബില്ല് അവതരിപ്പിക്കുന്നതിന് അനുമതി ചോദിച്ചുകൊണ്ടുള്ള കത്ത് കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ ഗവര്‍ണര്‍ക്കു കൈമാറിയെങ്കിലും ഗവര്‍ണര്‍ അനുമതി നല്‍കിയിട്ടില്ല. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ആക്ടിന്റെ 7 (4) വകുപ്പ് പ്രകാരം സെനറ്റ്/സിന്‍ഡിക്കേറ്റ് സമിതികള്‍ കാലാവധി അവസാനിച്ചു പിരിച്ചുവിടപ്പെട്ടാല്‍ ഒരു താല്‍ക്കാലിക ഭരണസമിതി രൂപീകരിക്കാനുള്ള അധികാരം ഗവര്‍ണറില്‍മാത്രം നിക്ഷിപ്തമാണ്. ഈ വകുപ്പ് യൂണിവേഴ്‌സിറ്റി നിയമത്തില്‍ ഉള്ളപ്പോള്‍ സമാനമായി മറ്റൊരു അധികാരകേന്ദ്രം കൂട്ടിച്ചേര്‍ക്കുന്നത് ചട്ടവിരുദ്ധമാണ്. എന്നാല്‍ ഗവര്‍ണറുമായി കഴിഞ്ഞദിവസം നടന്ന കൂടിക്കാഴ്ചയില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ബില്ലിന്റെ അനുമതിവിഷയം ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും ഗവര്‍ണറുടെ ഭാഗത്തുനിന്നുള്ള പ്രതികരണം അനുകൂലമായിരുന്നില്ലെന്ന് അറിയുന്നു.

അതേസമയം സെനറ്റ് തെരഞ്ഞെടുപ്പ് നടപടികള്‍ ഉടന്‍ ആരംഭിക്കാന്‍ വിസിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും മാര്‍ച്ച് ആറിന് സെനറ്റിന്റെ കാലാവധി അവസാനിക്കുമ്പോള്‍ യൂണിവേഴ്‌സിറ്റി നിയമപ്രകാരം ഗവര്‍ണര്‍ താല്‍ക്കാലികസമിതി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം ഡോ. ഷിബി എം. തോമസ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ തിങ്കളാഴ്ച കോടതി വാദം കേള്‍ക്കാനിരിക്കെയാണ് ഭേദഗതിനിയമം നിയമസഭയില്‍ അവതരിപ്പിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →