തൂഫാന്‍ സിങ്ങിനെ മോചിപ്പിച്ചു

പട്യാല: സ്വയംപ്രഖ്യാപിത മതപ്രഭാഷകനും ഖാലിസ്ഥാന്‍ അനുകൂല സംഘടനാനേതാവുമായ അമൃത്പാല്‍ സിങ്ങിന്റെ സഹായി ലവ്പ്രീത് എന്ന തൂഫാന്‍ സിങ്ങിനെ മോചിപ്പിച്ചു.

അജ്‌നാല കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് ഇന്നലെ തൂഫാനെ മോചിപ്പിച്ചത്. തട്ടിക്കൊണ്ടുപോകല്‍ കേസില്‍ അറസ്റ്റിലായ തൂഫാനെ മോചിപ്പിക്കമെന്നാവശ്യപ്പെട്ട് പഞ്ചാബിലെ അജ്‌നാല പോലീസ് സ്‌റ്റേഷനുമുന്നില്‍ കലാപസമാനസാഹചര്യമാണ് കഴിഞ്ഞദിവസമുണ്ടായത്. വാളുകളും തോക്കുകളുമായി അമൃത്പാലിന്റെ നൂറു കണക്കിന് അനുയായികള്‍ പോലീസ് സ്‌റ്റേഷനിലേക്ക് ഇരച്ചുകയറിയിരുന്നു.
ഏറ്റുമുട്ടലില്‍ പോലീസുകാരും പ്രക്ഷോഭകരും ഉള്‍പ്പെടെ നിരവധിപേര്‍ക്കു പരുക്കേറ്റിരുന്നു. ”വാരിസ് പഞ്ചാബ് ദേ” തലവന്‍ കൂടിയായ അമൃത്പാല്‍ സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു പോലീസ് സ്‌റ്റേഷന്‍ ഉപരോധം. അറസ്റ്റിലായവരെ ഉടന്‍ മോചിപ്പിക്കണമെന്നും എഫ്.ഐ.ആറില്‍നിന്ന് ഇവരുടെ പേര് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഉപരോധത്തിനു പിന്നാലെ തൂഫാന്‍ ഉള്‍പ്പെടെയുള്ളവരെ മോചിപ്പിക്കുമെന്നു പോലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇന്നലെ അജ്‌നാല ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പ്രതാം മന്‍പ്രീത് കൗറിന്റെ ഉത്തരവിനെത്തുടര്‍ന്നാണ് തൂഫാനെ ഇന്നലെ മോചിപ്പിച്ചത്.
രൂപ്‌നഗര്‍ ജില്ലയിലെ ചാംകൗര്‍ സാഹിബ് നിവാസിയായ ബരീന്ദര്‍ സിങ്ങിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചുവെന്നാരോപിച്ചാണ് അമൃത്പാല്‍ സിങ്ങിനും 30 അനുയായികള്‍ക്കുമെതിരേ കേസെടുത്തത്. അമൃത്പാല്‍ സിങ്ങിന്റെ കൂട്ടാളികള്‍ തന്നെ അജ്‌നാലയില്‍നിന്ന് തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചതായി ബരീന്ദര്‍ സിങ് തന്റെ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് തട്ടിക്കൊണ്ടുപോകല്‍, കൈയേറ്റം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ലവ്പ്രീത് അടക്കം മൂന്നുപേര്‍ക്കെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്തത്.

സംഘര്‍ഷം അതിരുവിട്ട ഘട്ടത്തില്‍ ലവ്പ്രീതിനെയും ഒപ്പം അറസ്റ്റ് ചെയ്ത രണ്ടുപേരെയും വെള്ളിയാഴ്ച മോചിപ്പിക്കാമെന്ന് അമൃത്സര്‍ പോലീസ് അറിയിച്ചിരുന്നു. ഇതോടെയാണ് കലാപസമാനസാഹചര്യത്തിന് അയവുവന്നത്. ലവ്പ്രീത് നിരപരാധിയാണെന്ന തെളിവ് കിട്ടിയെന്ന് അമൃത്സര്‍ പോലീസ് കമ്മിഷണര്‍ അറിയിച്ചു. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘ (എസ്.ഐ.ടി)ത്തെ നിയോഗിക്കുമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പ്രക്ഷോഭകര്‍ അജ്‌നാല സ്‌റ്റേഷന്‍ പരിസരത്തുനിന്നു സമീപത്തെ ഗുരുദ്വാരയിലേക്കു മാറി കേന്ദ്രീകരിച്ചു. വാഗ്ദാനം പാലിച്ച് തൂഫാനെ മോചിപ്പിക്കാത്തപക്ഷം പ്രക്ഷോഭത്തിന്റെ തുടര്‍ഘട്ടം ആരംഭിക്കുമെന്ന് സമരക്കാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണു കേസെടുത്തതെന്നും അമൃത്പാല്‍ സിങ് ആരോപിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →