തിരുവനന്തപുരം: മലയാളത്തിലെ പ്രമുഖ വാർത്താ മാദ്ധ്യമമായ ഏഷ്യാനെറ്റ് ന്യൂസിന്റെ അസോസിയേറ്റ് എഡിറ്റർ വിനു വി ജോണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസിന്റെ നോട്ടീസ്. 2023 ഫെബ്രുവരി 23 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം കൻറോൺമെന്റ് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടിയാണ് നോട്ടീസ് നൽകിയിട്ടുള്ളത്. ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. തെളിവു നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ പത്തു നിബന്ധനകൾ ഉൾപ്പെടുത്തിയുള്ള നോട്ടീസാണ് പൊലീസ് ചോദ്യം ചെയ്യലിന് നൽകിയിട്ടുളളത്.
കേരള പൊലീസ് നോട്ടീസ് ദേശീയ മാദ്ധ്യമങ്ങളിലുൾപ്പടെ ചർച്ചയായിട്ടും മാദ്ധ്യമ സ്വാതന്ത്രിനായി വാദിക്കാറുള്ള സി പി എം ദേശീയ നേതൃത്വം ഇനിയും മൗനം വെടിഞ്ഞിട്ടില്ല. ബി ബി സി വിഷയത്തിലടക്കം അഭിപ്രായ സ്വാതന്ത്രത്തിനായി വാദിക്കുന്ന സി പി എമ്മിൻറെ ഇരട്ടത്താപ്പാണ് ഇതെന്ന തരത്തിൽ ചർച്ച ഉയർന്നിട്ടുണ്ട്. കേരളത്തിലെ സർക്കാർ നടപടിയിൽ അഭിപ്രായം ആരാഞ്ഞെങ്കിലും സി പി എം കേന്ദ്ര നേതൃത്വം പ്രതികരിക്കാൻ തയ്യാറായില്ല. വിഷയത്തിൽ സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയോടും നിലപാട് ആരാഞ്ഞെങ്കിലും പ്രതികരിക്കാൻ തയ്യാറിയില്ല.
.ബി ബി സിയിലെ ആദായ നികുതി വകുപ്പ് പരിശോധനക്കെതിരെ അതിശക്തമായ നിലപാടാണ് സി പി എം കേന്ദ്ര നേതൃത്വം സ്വീകരിച്ചത്. ‘അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഇന്ത്യൻ മാധ്യമങ്ങളെ ഭയപ്പെടുത്തുന്ന കേന്ദ്ര നയം വിദേശ മാധ്യമങ്ങളിലേക്കും തിരിയുന്നു, സർക്കാരിന്റേത് സ്വേച്ഛാധിപത്യ ഭരണമാണെന്നത് അന്താരാഷ്ട്ര തലത്തിലും ഊട്ടിയുറപ്പിക്കുന്ന നടപടി – തുടങ്ങിയ വിമർശനങ്ങളാണ് സി പി എം പൊളിറ്റ്ബ്യൂറോ ബി ബി സിയിലെ ആദായ നികുതി വകുപ്പ് പരിശോധനയെക്കുറിച്ച് പറഞ്ഞത്. എന്നാൽ ഇടതു പക്ഷ സർക്കാർ ഭരണത്തിലുള്ള കേരളത്തിൽ സമാന നീക്കം നടക്കുമ്പോൾ ഇതേ പി ബി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ നിലപാട് ചൂണ്ടിക്കാട്ടിയാണ് സി പി എമ്മിനെതിരെ വിമർശനം ഉയരുന്നത്. ബി ബി സിയുടെ കാര്യത്തിലുള്ള സി പി എം നിലപാട് ഇപ്പോൾ എവിടെ പോയി എന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം.
2022 മാർച്ച് 28 ന് ട്രേഡ് യൂണിയനുകൾ അഹ്വാനം ചെയ്ത പണിമുടക്കിൽ നിരവധി അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കോഴിക്കോട് രണ്ട് കുട്ടികളുമായി ഓട്ടോയിൽ പോയ കുടുംബത്തെ വാഹനം ആക്രമിച്ച് വഴിയിൽ ഇറക്കി വിട്ടു. രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ചു. കാറിൽ ആശുപത്രിയിൽ പോയ സ്ത്രീയെ വഴിയിൽ തടഞ്ഞു. റെയിൽവേ സ്റ്റേഷനിലേക്ക് പോയ ഓട്ടോയുടെ കാറ്റഴിച്ച് വിട്ട് യാത്രക്കാരനെ ഇറക്കിവിട്ടു തുടങ്ങിയ നിരവധി സംഭവങ്ങൾ ഉണ്ടായിരുന്നു. വിഷയത്തിൽ സി ഐ ടി യു നേതാവും എം പിയുമായ എളമരീം കരീം നടത്തിയ പരിഹാസത്തെ വിമർശിച്ചതിന്റെ പേരിലായിരുന്നു വിനു വി ജോണിനെതിരായ പൊലീസ് കേസ്.
.

