ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ഡോ. ഷെല്ലി ഒബേ്റായ്(39) ഡല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് മേയര്‍. ബി.ജെ.പി- എ.എ.പി. വടംവലിയെ തുടര്‍ന്നു മൂന്നു തവണയാണു തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. ഒടുവില്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ബി.ജെ.പിയുടെ രേഖ ഗുപ്തയെയാണു ഷെല്ലി പരാജയപ്പെടുത്തിയത്. വോട്ടുനില 150-116. ഷെല്ലി 134 കൗണ്‍സലര്‍മാരുടെയും 13 എം.എല്‍.എമാരുടെയും മൂന്ന് എം.പിമാരുടെയും വോട്ടുകള്‍ നേടി. ബി.ജെ.പി. സ്ഥാനാര്‍ഥിക്ക് ഏഴ് എം.പിമാര്‍, ഒരു കോണ്‍ഗ്രസ് കൗണ്‍സലര്‍, മൂന്ന് സ്വതന്ത്രര്‍ എന്നിവരുടെ വോട്ടുകളും ലഭിച്ചു. എട്ട് കൗണ്‍സലര്‍മാര്‍ തെരഞ്ഞെടുപ്പില്‍നിന്നു വിട്ടുനിന്നു. ഡല്‍ഹി മുനിസിപ്പില്‍ കോര്‍പ്പറേഷനില്‍ ജനം വിജയിക്കുകയും ഗുണ്ടായിസത്തെ പരാജയപ്പെടുത്തുകയും ചെയ്തുവെന്നു മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പ്രതികരിച്ചു.
ഡപ്യൂട്ടി മേയറായി ആം ആദ്മി പാര്‍ട്ടിയുടെ ആലി മുഹമ്മദ് ഇഖ്ബാല്‍ തെരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പിയുടെ കമല്‍ ബാര്ഗിയെയാണ് 31 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്. ഇഖ്ബാലിന് 147 വോട്ടും ബാര്‍ഗിക്ക് 116 വോട്ടും ലഭിച്ചു. ഡിസംബറില്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായെങ്കിലും ബി.ജെ.പിയും എ.എ.പിയും തമ്മിലുള്ള കലഹത്തെത്തുടര്‍ന്ന് മേയര്‍ തെരഞ്ഞെടുപ്പ് നീണ്ടുപോകുകയായിരുന്നു.
ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നിര്‍ദേശിച്ച 10 പേര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം നല്‍കിയതിനെ ഷെല്ലി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്, നിര്‍ദേശം ചെയ്യപ്പെട്ടവര്‍ക്കു വോട്ട് ചെയ്യാന്‍ സാധിക്കില്ലെന്നു വിധിച്ചു. ഇതോടെയാണ് തെരഞ്ഞെടുപ്പ് എ.എ.പിക്ക് അനുകൂലമായത്. സ്ഥിരം സമിതി രൂപീകരിക്കുന്നതിനുള്ള തെരഞ്ഞെടുപ്പും വൈകാതെ നടക്കും. ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എ.എ.പിക്ക് 134 സീറ്റും ബി.ജെ.പിക്ക് 104 സീറ്റുമാണു ലഭിച്ചത്. ഡല്‍ഹി കോര്‍പറേഷനില്‍ ഒരു വര്‍ഷമാണു മേയറുടെ കാലാവധി. ആദ്യ വര്‍ഷം വനിതയ്ക്കാണു മേയര്‍ സ്ഥാനം. മൂന്നാം വര്‍ഷം പട്ടിക ജാതി വിഭാഗത്തിനാണു മേയര്‍ സ്ഥാനം.

