ജാതി വിവേചനം അവസാനിപ്പിക്കുന്ന ആദ്യ അമേരിക്കന്‍ നഗരമായി സിയാറ്റില്‍

വാഷിങ്ടണ്‍: ജാതി വിവേചനം അവസാനിപ്പിക്കുന്ന ആദ്യ അമേരിക്കന്‍ നഗരമായി സിയാറ്റില്‍. പ്രാദേശിക കൗണ്‍സിലില്‍ ഇന്ത്യന്‍-അമേരിക്കന്‍ രാഷ്ട്രീയ നേതാവും സാമ്പത്തിക ശാസ്ത്ര വിദഗ്ധയുമായ ക്ഷമ സാവന്ത് അവതരിപ്പിച്ച പ്രമേയം ഒന്നിനെതിരേ ആറു വോട്ടുകള്‍ക്കു പാസായി. വിവേചനമില്ലാ നയത്തിലേക്ക് ജാതിയെക്കൂടി ഉള്‍പ്പെടുത്തുന്നതാണു പ്രമേയം. പ്രമേയത്തിന്റെ വിജയം യു.എസിലെ ജാതി വിവേചന പ്രശ്‌നങ്ങളില്‍ ദൂരവ്യാപക ഫലമുണ്ടാക്കുമെന്നു കരുതപ്പെടുന്നു.
”രാജ്യത്താദ്യമായി സിയാറ്റിലില്‍ ജാതിവിവേചനം നിരോധിക്കുന്നതില്‍ ഞങ്ങളുടെ പ്രസ്ഥാനം ചരിത്രപരമായ വിജയം നേടിയിരിക്കുന്നു. ഈ വിജയം രാജ്യമാകെ വ്യാപിപ്പിക്കുകയാണ് ഇനി വേണ്ടത്.”- ക്ഷമ സാവന്ത് പറഞ്ഞു. വോട്ടെടുപ്പിനു മുമ്പു തന്നെ ഇന്ത്യന്‍-അമേരിക്കന്‍ നേതാവായ പ്രമീള ജയ്പാല്‍ പ്രമേയത്തെ പിന്തുണച്ചിരുന്നു. അമേരിക്കയടക്കം ലോകത്തെങ്ങും സമൂഹത്തില്‍ ജാതിവിവേചനത്തിനു സ്ഥാനമില്ലെന്നു പ്രമീള ജയ്പാല്‍ പറഞ്ഞു. സ്‌നേഹം വെറുപ്പിനെ കീഴടക്കിയെന്നു പ്രമേയത്തിനു പിന്നിലെ ബുദ്ധികേന്ദ്രമായ ”ഇക്വാലിറ്റി ലാബ്‌സ്” പ്രതികരിച്ചു. രാജ്യമെങ്ങും ജാതിവിവേചനത്തിനെതിരായ പ്രചാരണം നടത്താന്‍ 200 സംഘടനകളുടെ സഖ്യവും ഇവര്‍ രൂപീകരിച്ചിട്ടുണ്ട്. അംബേദ്കര്‍ കിങ് സ്റ്റഡി സര്‍ക്കിള്‍, അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍, അംബേദ്കെറെറ്റ് ബുദ്ധിസ്റ്റ് അസോസിയേഷന്‍ ഓഫ് ടെക്‌സാസ്, ബോസ്റ്റണ്‍ സ്റ്റഡി ഗ്രൂപ്പ് തുടങ്ങി മുപ്പതോളം ജാതി വിരുദ്ധ അംബേദ്കെറെറ്റ് സംഘടനകളുടെ ശൃംഖലയാണ് ഈ സഖ്യത്തിന്റെ കേന്ദ്രമെന്ന് ഇക്വാലിറ്റി ലാബ്‌സ് പറഞ്ഞു.

അതേ സമയം, ദക്ഷിണേഷ്യക്കാരെ ഒറ്റപ്പെടുത്തുന്നതും വിവേചനരഹിത നയത്തില്‍ ജാതി ഉള്‍പ്പെടുത്തുന്നതും സിയാറ്റില്‍ നിലവില്‍ ഭേദഗതി ചെയ്തിരിക്കുന്ന നയങ്ങള്‍ക്കു വിരുദ്ധമാണെന്നു പ്രമേയത്തിനെതിരേ ച്രചാരണം നടത്തിയ ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ കുറ്റപ്പെടുത്തി. വിവേചനമില്ലായ്മയുടെ മറവില്‍ ദക്ഷിണേഷ്യക്കാരോട് (തെക്കുകിഴക്കന്‍ ഏഷ്യക്കാരും ആഫ്രിക്കക്കാരും) മറ്റൊരു തദ്ദേശീയ, വംശീയ വിഭാഗക്കാരോടുമില്ലാത്ത വിധത്തില്‍ പെരുമാറാനാണ് സിയാറ്റില്‍ നഗരം വോട്ട് ചെയ്തിരിക്കുന്നതെന്നും ഫൗണ്ടേഷന്‍ പറഞ്ഞു. ദേശീയ ഉത്ഭവം, വംശം, അല്ലെങ്കില്‍ മതം എന്നിവയുടെ പേരില്‍ വ്യത്യസ്തമായി ആളുകളോട് പെരുമാറുന്നതില്‍ നിന്നും ഭരണകൂടത്തെ വിലക്കുന്ന, തുല്യ പരിരക്ഷയും നിയമാനുസൃത നടപടിക്രമങ്ങളും ഉറപ്പുനല്‍കുന്ന യു.എസ്. ഭരണഘടനയുടെ ലംഘനമാണ് സിയാറ്റില്‍ പ്രമേയമെന്നും ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുഹാഗ് ശുക്ല പറഞ്ഞു. ഇന്ത്യന്‍, ദക്ഷിണേഷ്യന്‍ വംശജരായ എല്ലാ നിവാസികള്‍ക്കും എതിരായ വിവേചനത്തെ അംഗീകരിക്കുന്ന അപകടകരമായ നീക്കമാണു വിവേചനമില്ലായ്മയുടെ പേരില്‍ സിയാറ്റില്‍ നടത്തിയിരിക്കുന്നതെന്നു ഫൗണ്ടേഷന്‍ മാനേജിങ് ഡയറക്ടര്‍ സമീര്‍ കല്‍റ വിമര്‍ശിച്ചു.

മഹാരാഷ്ട്രയിലെ പുനെയിലാണു ക്ഷമ സാവന്ത് ജനിച്ചത്. അവര്‍ക്ക് 13 വയസ് പ്രായമുള്ളപ്പോഴാണു പിതാവ് മദ്യപാനിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 1996 വരെ മുംബൈയിലാണ് അവര്‍ കഴിഞ്ഞത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →