ന്യൂഡല്‍ഹി: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരം പടിവാതില്‍ക്കല്‍ നില്‍ക്കെ വിഖ്യാത താരങ്ങള്‍ക്കൊപ്പമെത്താന്‍ ഇന്ത്യന്‍താരം ചേതേശ്വര്‍ പൂജാര. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ 2000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ താരമാകാനുള്ള തയാറെടുപ്പിലാണ് പൂജാര. അപൂര്‍വനേട്ടത്തിന് 69 റണ്‍മാത്രം അകലെയാണു താരം.
മൂന്നാം ടെസ്റ്റില്‍ ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍, വി.വി.എസ്. ലക്ഷ്മണ്‍, രാഹുല്‍ ദ്രാവിഡ് എന്നീ മഹാരഥന്‍മാര്‍ക്കൊപ്പമാകും പൂജാരയുടെ സ്ഥാനം. 22 മത്സരങ്ങളില്‍ 52.18 റണ്‍ ശരാശരിയില്‍ പൂജാരയ്ക്ക് ഇതുവരെ 1931 റണ്ണാണു സമ്പാദ്യം. ഇതില്‍ അഞ്ച് സെഞ്ചുറിയും 10 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു. 3262 റണ്‍ അക്കൗണ്ടിലുള്ള സച്ചിന്‍ തെണ്ടുല്‍ക്കറാണ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ റണ്‍വേട്ടക്കാരില്‍ മുന്നില്‍. 34 ടെസ്റ്റില്‍നിന്നാണ് സച്ചിന്റെ നേട്ടം.

